ഇഡോര്‍: ഉമിനീരും വായയുടെ ഉള്‍ഭാഗത്ത് നിന്നുള്ള സ്വാബും (swab) ഉപയോഗിച്ച് വായയിലെ അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്താനുള്ള പുതിയ സാങ്കേതിക വിദ്യ ഐ.ഐ.ടി ഇഡോറിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. പ്രൊഫസര്‍ ഹേം ചന്ദ്ര ജായുടെ നേതൃത്വത്തില്‍ നടന്ന ഈ പഠനത്തിന്റെ വിവരങ്ങള്‍ പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്യാന്‍സറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ കാന്‍സര്‍ സ്ഥിരീകരിക്കാന്‍ നടത്തുന്ന വേദനാജനകമായ ടിഷ്യൂ ബയോപ്‌സി പരിശോധനകള്‍ക്ക് പകരം, തികച്ചും വേദനാരഹിതവും വേഗത്തിലുള്ളതുമായ പരിശോധനാ രീതിയായി ഇത് ഭാവിയില്‍ മാറും.
പുതിയ സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി ഗവേഷകര്‍ ഇതിനകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഓറല്‍ സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, ഓറല്‍ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്നീ രോഗാവസ്ഥകളിലാണ് പഠനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. രോഗികളില്‍ നിന്നും ആരോഗ്യമുള്ള വ്യക്തികളില്‍ നിന്നും ശേഖരിച്ച ഉമിനീരിലെ രാസ സിഗ്‌നലുകളും സ്വാബ് വഴിയുള്ള കോശങ്ങളും പരിശോധിച്ച്, സാധാരണ കോശങ്ങള്‍ കാന്‍സറിലേക്ക് മാറുന്ന പ്രക്രിയ ഗവേഷകര്‍ കൃത്യമായി നിരീക്ഷിച്ചു. പല ലക്ഷണങ്ങളും പുറത്തുവരുന്നതിന് മുമ്പുതന്നെ രോഗാവസ്ഥ ഉമിനീരിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന മേന്മ.
നിലവിലെ ബയോപ്‌സി പരിശോധനകള്‍ക്ക് പൂര്‍ണ്ണമായ ബദലല്ലെങ്കിലും, ഭാവിയില്‍ ചെലവുകുറഞ്ഞതും വേഗത്തിലുള്ളതുമായ പരിശോധനകള്‍ക്ക് ഇത് വഴിയൊരുക്കും. വായയിലെ കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിക്കുന്നതാണ് കാന്‍സറിലേക്ക് നയിക്കുന്നത്. ചുണ്ടുകള്‍ മുതല്‍ തൊണ്ട വരെയുള്ള ഭാഗങ്ങളില്‍ വരുന്ന കാന്‍സറുകള്‍ തുടക്കത്തിലേ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. വായിലുണ്ടാകുന്ന വായ്പുണ്ണ്, ചെറിയ വേദന, ഉണങ്ങാത്ത മുറിവുകള്‍ എന്നിവ സാധാരണയായി പലരും അവഗണിക്കാറാണ് പതിവ്. എന്നാല്‍ ഇത്തരം ലക്ഷണങ്ങളോ മുറിവുകളോ രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടേണ്ടതുണ്ട്.
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട് വായയിലുണ്ടാകുന്ന വെള്ളപ്പാടുകളായ ല്യൂക്കോപ്ലാക്കിയ, കാന്‍സറിന് തൊട്ടുമുമ്പുള്ള അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നേര്‍ത്ത മിനുസമാര്‍ന്ന ഹോമോജീനസ് ല്യൂക്കോപ്ലാക്കിയ, കവിളിന്റെ ഉള്‍ഭാഗത്ത് പൊടി വിതറിയതുപോലെ കാണപ്പെടുന്ന സ്‌പെക്കിള്‍ഡ് ല്യൂക്കോപ്ലാക്കിയ, ചുവപ്പും വെള്ളയും വ്രണങ്ങളും ഇടകലര്‍ന്ന നോഡുലാര്‍ അള്‍സറേറ്റഡ് ല്യൂക്കോപ്ലാക്കിയ എന്നിവ ഇതില്‍പ്പെടുന്നു. ഇതില്‍ സ്‌പെക്കിള്‍ഡ്, നോഡുലാര്‍ രീതികള്‍ കാന്‍സറായി മാറാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ കൃത്യമായ നിരീക്ഷണം അനിവാര്യമാണ്.
വായയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഉണങ്ങാത്ത പുണ്ണ്, വായ തുറക്കാനുള്ള പ്രയാസം, നാക്കിലോ മോണയിലോ ഉണ്ടാകുന്ന നിറവ്യത്യാസങ്ങള്‍, കഴുത്തിലെ മുഴ, താടിയെല്ലിലെ വേദന, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, അകാരണമായ രക്തസ്രാവവും ശരീരഭാരം കുറയലും എന്നിവ വായയിലെ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളാണ്. എല്ലാത്തരം പുകയില, മദ്യ ഉപയോഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ സമീകൃതാഹാരം കഴിക്കുക, ആറുമാസത്തിലൊരിക്കല്‍ പല്ലുകളും വായയും ഡോക്ടറെ കാണിച്ച് പരിശോധിക്കുക എന്നിവയിലൂടെ ഒരു പരിധിവരെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
