ബെംഗളൂരുവില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങള്‍ അമ്മയ്ക്കയച്ച് എട്ടുലക്ഷം രൂപയുടെ വിലപേശല്‍

AUGUST 13, 2026, 11:12 AM

കോഴിക്കോട്: ദുബായിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ നിന്നും തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ബന്ദിയാക്കി ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചുകൊടുത്ത സംഭവത്തിലാണ് ചേവായൂര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയന്‍ (26), കോഴിക്കോട് പറമ്പില്‍ ബസാര്‍ കൊണോട്ട് കുറ്റിയില്‍ കെ. അതുല്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

സുഹൃത്തിനെ കാണാനായി ബെംഗളൂരുവിലെത്തിയ യുവാവിനെ കഴിഞ്ഞ 24-നാണ് ആറംഗസംഘം ഫ്‌ലാറ്റില്‍ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയത്. കേസില്‍ ഒന്നാം പ്രതിയായ ഇരുപത്തിയൊന്നുകാരിയായ യുവതിയുടെ പേരുപറഞ്ഞായിരുന്നു അക്രമം. തുടര്‍ന്ന് യുവാവിനെ കാറിന്റെ ഡിക്കിയിലാക്കി കോഴിക്കോട് പയിമ്പ്ര ചാലിത്താഴത്തുള്ള രഹസ്യകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

രഹസ്യകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച യുവാവിനെ ഹോക്കി സ്റ്റിക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും കത്തികൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ബലംപ്രയോഗിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി വീട്ടിലെ ഫോണിലേക്ക് അമ്മയ്ക്ക് അയച്ചുകൊടുത്ത് എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍ ഈ മാസം നാലിന് തടങ്കലില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട യുവാവ് നേരിട്ട് പൊലീസില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നു.

ഒന്നാം പ്രതിയായ യുവതിയുമായി യുവാവിന് മുന്‍പ് സൗഹൃദമുണ്ടായിരുന്നു. യുവതിയുടെ ഇപ്പോഴത്തെ പങ്കാളിക്ക് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നായിരുന്നു യുവാവ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മോചനദ്രവ്യം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട് യുവതി തന്നെ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഈ സംഭവമെന്ന് പിന്നീട് വ്യക്തമായി. യുവതി അടക്കമുള്ള മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം, പരാതിക്കാരനായ യുവാവിനെതിരെ ഒന്നാം പ്രതിയായ യുവതിയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പണത്തിനായി വിറ്റെന്നും, എം.ഡി.എം.എ ഉപയോഗിക്കുന്ന യുവാവ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നുമാണ് യുവതി പറയുന്നത്. എന്നാല്‍ ലഹരി ഉപയോഗിച്ചെന്ന ആരോപണം തെറ്റാണെന്നും രക്തപരിശോധനയ്ക്ക് താന്‍ തയ്യാറാണെന്നും യുവാവ് വ്യക്തമാക്കി. യുവാവിനെതിരെ മുന്‍പ് ഒരു പോക്‌സോ കേസില്‍ പരാതി വന്നിരുന്നെങ്കിലും പൊലീസിന് തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ പി. പ്രമോദിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് കേസിന്റെ തുടരന്വേഷണം പുരോഗമിക്കുന്നത്. പൂര്‍ണ്ണ രൂപത്തിലുള്ള വിവരങ്ങള്‍ ലഭിക്കുന്നതോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam