കൊല്‍ക്കത്ത: സ്വാതന്ത്ര്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി എം.പി നാഗേന്ദ്ര റേയ്ക്ക് (അനന്ത് മഹാരാജ്) നല്‍കിയ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ബംഗാ ഭൂഷണ്‍ പുരസ്‌കാരം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. നേതാജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ 24 മണിക്കൂറിനുള്ളിലാണ് ബിജെപി സര്‍ക്കാരിന്റെ നിര്‍ണായക നടപടി.
കൂച്ച് ബിഹാറില്‍ നിന്നുള്ള എം.പിയും രാജ്ബന്‍ഷി സമുദായ നേതാവുമായ നാഗേന്ദ്ര റേ, നേതാജിയെ യുദ്ധക്കുറ്റവാളി എന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ആസാദ് ഹിന്ദ് ഫൗജിന്റെ പങ്കിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എം.പിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
സംസ്ഥാനത്തിനും ജനങ്ങള്‍ക്കും നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് ഈ വര്‍ഷം ഫെബ്രുവരി 21 നാണ് നാഗേന്ദ്ര റേയ്ക്ക് സര്‍ക്കാര്‍ ബംഗാ ഭൂഷണ്‍ നല്‍കി ആദരിച്ചത്. എന്നാല്‍ നേതാജിക്കെതിരായ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍, എം.പി ഈ പുരസ്‌കാരം കൈവശം വയ്ക്കുന്നത് ബഹുമതിയുടെ അന്തസ്സിനും പ്രശസ്തിക്കും നിരക്കാത്തതാണെന്ന് ബോധ്യപ്പെട്ടതായി സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് പുരസ്‌കാരം ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
നേതാജിയെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
