'ഇന്ത്യന്‍ എപ്സ്റ്റീന്‍' ആര്‍. വീരമണി ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസ്: പീഡനദൃശ്യങ്ങള്‍ പുറത്ത്; മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്

SEPTEMBER 24, 2026, 6:21 AM

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായിയും ജെം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ 84 കാരന്‍ ആര്‍. വീരമണി ഉള്‍പ്പെട്ട ഞെട്ടിപ്പിക്കുന്ന ബാലപീഡനക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അമേരിക്കയിലെ കുപ്രസിദ്ധമായ എപ്സ്റ്റീന്‍ കേസിന് സമാനമായി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ വീരമണിയെയും സഹായികളായ ശാന്തി, മഹേന്ദ്ര സിംഹന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ പോയസ് ഗാര്‍ഡനിലെ ആഡംബര ബംഗ്ലാവിലും തേനാംപേട്ടിലെ വാടകവീട്ടിലും വെച്ചാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ഇയാള്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. കേസിലെ നിര്‍ണായക തെളിവായ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീരമണി ഒരു പെണ്‍കുട്ടിയോടൊപ്പമുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് എം.പി രഞ്ജന്‍ കുമാറാണ് മുന്‍പ് പോലീസിന് കൈമാറിയത്.

ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്നും പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയില്ലെന്നും കാണിച്ച് പോലീസ് കേസ് അവസാനിപ്പിക്കാന്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും പ്രത്യേക പോക്‌സോ കോടതി അത് തള്ളുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പുനരന്വേഷണത്തിലാണ് പീഡനം നടന്ന സ്ഥലങ്ങളും 12 നും 16 നും ഇടയില്‍ പ്രായമുള്ള ഇരകളായ ഏഴിലധികം പെണ്‍കുട്ടികളെയും തിരിച്ചറിഞ്ഞത്.

ആദ്യഘട്ട അന്വേഷണത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ക്ക് കേസ് ഒതുക്കിത്തീര്‍ക്കാന്‍ 70 കോടിയോളം രൂപ കൈമാറിയിട്ടുണ്ടോ എന്നും പുതിയ അന്വേഷണ സംഘം പരിശോധിച്ച് വരുന്നു. കേസില്‍ വീഴ്ച വരുത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ സമന്‍സ് അയച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam