ഭോപാല്‍: അയല്‍വാസി രസഗുളയെന്ന് പറഞ്ഞ് നല്‍കിയ നാടന്‍ ബോംബ് കഴിക്കാന്‍ ശ്രമിച്ച യുവാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ദിന്‍ഡോറി ജില്ലയിലുള്ള പഡാരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. ഗ്രാമവാസിയായ രാജേന്ദ്ര ബറോട്ടിയയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം രാജേന്ദ്ര സ്വന്തം വീട്ടിലിരിക്കുമ്പോഴാണ് അയല്‍വാസിയായ രാം ഭഗത് ബറോട്ടിയ അവിടേക്ക് എത്തിയത്. സംസാരത്തിനിടെ കൈവശമുണ്ടായിരുന്ന വസ്തു രസഗുളയാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാം ഭഗത് രാജേന്ദ്രയ്ക്ക് നല്‍കുകയായിരുന്നു. വീട്ടില്‍ വെളിച്ചം കുറവായിരുന്നതിനാല്‍ തനിക്ക് ലഭിച്ചത് മധുരപലഹാരമല്ലെന്ന് തിരിച്ചറിയാന്‍ രാജേന്ദ്രയ്ക്ക് സാധിച്ചില്ല.
തുടര്‍ന്ന് രാജേന്ദ്ര ഇത് വായിലിട്ട് കടിച്ചയുടന്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടാനായി ഉപയോഗിക്കുന്ന തരത്തിലുള്ള മാരകമായ സ്‌ഫോടകവസ്തുവാണ് രാം ഭഗത് നല്‍കിയതെന്ന് രാജേന്ദ്രയുടെ ഭാര്യ സുശീല ബായി വ്യക്തമാക്കി. സ്‌ഫോടനശബ്ദം കേട്ട് ഓടിക്കൂടിയ അയല്‍വാസികളുടെ സഹായത്തോടെ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രധാന പ്രതിയായ രാം ഭഗതിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ആണ്‍കുട്ടിയാണ് തനിക്ക് ഈ സ്‌ഫോടകവസ്തു കൈമാറിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പ്രസാദ് നാഗ്പുരെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
