ഹണിട്രാപ്പില്‍ കുടുങ്ങി രഹസ്യങ്ങള്‍ ചോര്‍ത്തി; വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

NOVEMBER 13, 2026, 8:51 AM

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ചാര സംഘടനയുടെ ഹണിട്രാപ്പില്‍ കുടുങ്ങി രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ വിവരങ്ങളും യുദ്ധപദ്ധതികളും ചോര്‍ത്തിയ കേസില്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ ഔദ്യോഗികമായി കുറ്റപത്രം സമര്‍പ്പിച്ചു. വിങ് കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഓണ്‍ലൈന്‍ വഴി നിര്‍ണായക പ്രതിരോധ രേഖകള്‍ പാകിസ്ഥാന് കൈമാറിയത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും വ്യോമസേനയുടെ ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവതിയുമായുള്ള ബന്ധമാണ് ഉദ്യോഗസ്ഥന് വിനയായത്. ചാറ്റിംഗില്‍ തുടങ്ങി പിന്നീട് വീഡിയോ കോളുകളിലേക്കും നഗ്‌നദൃശ്യ കൈമാറ്റത്തിലേക്കും വഴിമാറിയ സൗഹൃദം ബുദ്ധിപരമായി മുതലെടുത്താണ് പാക് ഏജന്റുമാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ലഭിച്ച നഗ്‌നചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പകരമായി സേനയുടെ രഹസ്യങ്ങള്‍ കൈമാറാന്‍ ഉദ്യോഗസ്ഥന്‍ സ്വയം തയ്യാറാകുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഓരോ ചിത്രങ്ങള്‍ നല്‍കുമ്പോഴും സേനയുടെ ഓരോ രഹസ്യരേഖ വീതം കൈമാറുന്നതായിരുന്നു രീതി. കൂടുതല്‍ നഗ്‌നഫോട്ടോകള്‍ നല്‍കിയാല്‍ ഇനിയും വിവരങ്ങള്‍ നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 12നും ഏപ്രില്‍ ഒന്നിനും ഇടയില്‍ വാട്‌സാപ്പ് വഴിയാണ് രേഖകള്‍ പ്രധാനമായും കൈമാറ്റം ചെയ്യപ്പെട്ടത്. മൂവായിരത്തിലധികം ടെക്സ്റ്റ് സന്ദേശങ്ങളും, 65 ല്‍ അധികം ഫോട്ടോകളും വീഡിയോ കോളുകളും അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ അതീവ രഹസ്യമായ സീക്രട്ട് വാര്‍ പ്ലാന്‍ എന്ന രേഖയുടെ പേജുകള്‍ വരെ ഇത്തരത്തില്‍ ചോര്‍ന്നുപോയിട്ടുണ്ട്. ഡ്രോണുകളുടെ രൂപകല്‍പ്പന, പ്രവര്‍ത്തന രീതി, ശേഷി, ടാര്‍ഗറ്റിങ് മെക്കാനിസം എന്നിവയ്ക്ക് പുറമെ ലേയിലെ യുദ്ധ വിമാനങ്ങളുടെ വിന്യാസം, സൂറത്ത്ഗഡിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ നടന്ന സൈനികാഭ്യാസങ്ങള്‍, യുദ്ധസമയത്തെ സൈനിക സങ്കേതങ്ങള്‍ തുടങ്ങിയ അതിസുപ്രധാന വിവരങ്ങളും പാകിസ്ഥാന്റെ കൈകളിലെത്തി.

കൂടാതെ, മേലുദ്യോഗസ്ഥന്റെ ഡിവൈസിലേക്ക് മാല്‍വെയര്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തും രേഖകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന മറ്റ് അഞ്ച് ഉദ്യോഗസ്ഥരുടെ ആശയവിനിമയ ഉപകരണങ്ങളിലും സമാന രീതിയില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരുന്നു. വ്യോമസേനാ അധികൃതരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കഴിയുന്നത്. സൈനിക രഹസ്യങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങളാണ് ഈ സംഭവം വീണ്ടും ഉയര്‍ത്തിക്കാട്ടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam