ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി ബി.ജെ.പി രംഗത്തെത്തി. തെളിവുകളില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന 'ഹിറ്റ് ആന്‍ഡ് റണ്‍' രാഷ്ട്രീയമാണ് രാഹുല്‍ ഗാന്ധി പിന്തുടരുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് തുഹിന്‍ സിന്‍ഹ കുറ്റപ്പെടുത്തി.
ഒരു ദിവസം പെട്ടെന്ന് ആരോപണം ഉന്നയിക്കുകയും, മൂന്ന് ദിവസത്തിനകം അത് തെളിയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മറ്റൊരു വിഷയത്തിലേക്ക് ജനശ്രദ്ധ തിരിക്കുകയുമാണ് രാഹുല്‍ ഗാന്ധിയുടെ പതിവ് ശൈലിയെന്ന് തുഹിന്‍ സിന്‍ഹ ആരോപിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തനിക്ക് രഹസ്യ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന രാഹുലിന്റെ മുന്‍കാല പ്രസ്താവനയും ഇപ്പോഴത്തെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവും തമ്മില്‍ വൈരുധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധി നിരന്തരം നുണകളും അപവാദങ്ങളും പ്രചരിപ്പിക്കുകയാണെന്നും, മുന്‍പ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായുള്ള കൂടിക്കാഴ്ചയില്‍ വോട്ട് ചോര്‍ച്ച ആരോപിച്ചപ്പോഴും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ലെന്നും തുഹിന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നത്. തന്നെ നിരന്തരം രാജ്യദ്രോഹി എന്ന് വിളിക്കുന്ന പ്രധാനമന്ത്രി, രാജ്യത്തെ യഥാര്‍ഥ രാജ്യദ്രോഹി ആരാണെന്ന് ജനങ്ങള്‍ അറിയുന്നതിനെ ഭയപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്, ആരെ, എന്നുമുതലാണ് നിയന്ത്രിക്കുന്നതെന്നതിനുള്ള തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും, ഫോണ്‍ ചോര്‍ത്തുന്നതിനാല്‍ പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങള്‍ കൃത്യമായി അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. സമീപകാലത്തായി തനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി ജാഗ്രതയോടെ ഒഴിഞ്ഞുമാറുന്നത് ഉള്ളിലെ ഭയം കാരണമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
