ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി മുഴുവന്‍ പൈലറ്റുമാര്‍ക്കും നിര്‍ബന്ധിത ലഹരിപരിശോധന ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. ബാങ്കോക്കിലെ ഫുക്കറ്റില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വന്ന വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കമ്പനിയുടെ നിര്‍ണായക നടപടി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിലെ മുഴുവന്‍ പൈലറ്റുമാര്‍ക്കും നിര്‍ബന്ധിത പരിശോധന ബാധകമാണെന്ന് വ്യക്തമാക്കി ജീവനക്കാര്‍ക്ക് അധികൃതര്‍ ഇമെയില്‍ സന്ദേശം അയച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ക്കും അപ്പുറമുള്ള പ്രൊഫഷണലിസവും സുരക്ഷയും ഉറപ്പാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഓഗസ്റ്റ് 13 ന് അയച്ച ഇമെയിലില്‍ വ്യക്തമാക്കുന്നു. നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായ ലഹരി വസ്തുക്കളോ അനാവശ്യ മരുന്നുകളോ പൈലറ്റുമാര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായുള്ള സാംപിള്‍ പരിശോധനകള്‍ ഉടനടി പ്രാബല്യത്തില്‍ വരും. ദശാബ്ദങ്ങളായി ദശലക്ഷക്കണക്കിന് യാത്രക്കാര്‍ നല്‍കിയ വിശ്വാസമാണ് എയര്‍ ഇന്ത്യയുടെ വലിയ സമ്പത്തെന്നും, ആ വിശ്വസ്തത നിലനിര്‍ത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
ഓഗസ്റ്റ് നാലിനാണ് 137 യാത്രക്കാരുമായി ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തിന്റെ നിയന്ത്രണം താത്കാലികമായി നഷ്ടപ്പെടുകയും സെക്കന്‍ഡുകള്‍ക്കുള്ളില്‍ 300 അടിയോളം താഴേക്ക് പതിക്കുകയും ചെയ്തതോടെ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് വിമാനത്തിലെ പ്രധാന പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി തുടര്‍ച്ചയായ രണ്ട് പരിശോധനകളില്‍ സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യത്തില്‍ വിമാനം താഴേക്ക് പതിക്കുമ്പോള്‍ പ്രധാന പൈലറ്റ് കോക്പിറ്റില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിച്ചിരുന്നതായി പൈലറ്റ് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും, സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയായിട്ടാണ് അധികൃതര്‍ കണക്കാക്കുന്നത്. കുറ്റക്കാരനായ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഡിജിസിഎ കടന്നേക്കും. വിമാന സര്‍വീസുകളുടെ സുരക്ഷയും പ്രൊഫഷണല്‍ നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കമ്പനി മുന്‍കരുതല്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
