ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്കാണ് ഇനി പോകുന്നത്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 22ന് പെർത്തിൽ തുടങ്ങും. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയിൽ പരമ്പര നേടി ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും ഇത്തവണ ഓസ്‌ട്രേലിയയിൽ എത്തുമ്പോൾ ഇന്ത്യക്ക് പരിഹാസവാക്കുകളാകും കൂടുതലും കേൾക്കേണ്ടി വരികയെന്ന് തുറന്നു പറയുകയാണ് മുൻ ന്യൂസിലൻഡ് താരവും കമന്റേറ്ററുമായ സൈമൺ ഡൂൾ.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ 0-3ന്റെ തോൽവിയെക്കുറിച്ച് ഓരോ നിമിഷവും ഓസ്‌ട്രേലിയൻ താരങ്ങളും ആരാധകരും ഇന്ത്യയെ കുത്തിനോവിക്കുമെന്ന് സൈമൺ ഡൂൾ പറഞ്ഞു. ഓസ്‌ട്രേലിയയിൽ ഇന്ത്യ കഴിഞ്ഞ രണ്ട് തവണയും പരമ്പര ജയിച്ചിരിക്കാം. പക്ഷെ ന്യൂസിലൻഡിനെതിരെ നാട്ടിൽ 0-3ന്റെ തോൽവിക്ക് ശേഷം ഓസ്‌ട്രേലിയയിൽ എത്തുമ്പോൾ ഓസ്‌ട്രേലിയക്കാർ മുഴുവൻ അക്കാര്യം പറഞ്ഞ് നിങ്ങളെ പരിഹസിക്കും. ഓസ്‌ട്രേലിയയിൽ കാലെടുത്തുവെക്കുന്ന നിമിഷം മുതൽ അത് തുടങ്ങുമെന്നും സൈമൺ ഡൂൾ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില് യോഗ്യത നേടാൻ ഇന്ത്യക്ക് വേണ്ടത് നാലു ജയവും ഒരു സമനിലയുമാണ്. ന്യൂസിലൻഡിനെതിരായ തിരിച്ചടിയിൽ നിന്ന് കരകയറി അത് നേടണമെങ്കിൽ കുറച്ചൊന്നും മനക്കരുത്ത് പോരാ. ന്യൂസിലൻഡിനെതിരെ കളിച്ച അതേ ടീം തന്നെയാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. അവർക്ക് അവിടെ കാര്യങ്ങൾ ഒട്ടും എളുപ്പമായിരിക്കില്ലെന്നും സൈമൺ ഡൂൾ വ്യക്തമാക്കി.
ഇന്ത്യയുടെ ഇക്കാലമത്രയുമുള്ള വിജയരഹസ്യം മികച്ച ബാറ്റിംഗ് വിക്കറ്റുകളിൽ മികവ് കാട്ടാൻ കഴിയുന്ന അവരുടെ ബാറ്റിംഗ് നിരയും നിലവാരമുള്ള സ്പിന്നർമാരുമായിരുന്നു. എന്നാൽ ന്യൂസിലൻഡിനെതിരെ പന്ത് കുത്തിത്തിരിയുന്ന പിച്ചുണ്ടാക്കിയതോടെ എതിർ ടീമിലെ സ്പിന്നർമാർക്ക് ഇന്ത്യ അവസരം ഒരുക്കിക്കൊടുത്തു. എല്ലാ ബഹുമാനത്തോടെയും പറയട്ടെ അങ്ങനെയാണ് മിച്ചൽ സാന്റ്‌നറെയും ടോം ഹാർട്‌ലിയെയും പോലുള്ള സ്പിന്നർമാർ ഇന്ത്യയിൽ വിക്കറ്റ് കൊയ്തത്.
ഇന്ത്യയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് സ്പിന്നർമാരുണ്ട്. സ്പിന്നിനെ ചെറുതായി തുണക്കുന്ന പിച്ചിൽ പോലും അവർക്ക് മികവ് കാട്ടാനാകുമെന്നിരിക്കെ റാങ്ക് ടേണേഴ്‌സുണ്ടാക്കി എതിർ ടീമിലെ സ്പിന്നർമാർക്ക് ആധിപത്യം നേടാൻ അവസരമുണ്ടാക്കിയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്നും ഡൂൾ പറഞ്ഞു.
മികച്ച ബാറ്റിംഗ് വിക്കറ്റുണ്ടാക്കുകയും ബാറ്റർമാർക്ക് മികവ് കാട്ടാൻ അവസരമൊരുക്കുകയും എതിർ ടീമിലെ സ്പിന്നർമാരെക്കാൾ മികച്ച സ്പിന്നർമാരുള്ളതിനാൽ ആധിപത്യം നേടാൻ ശ്രമിക്കുകയുമായിരുന്നു ഇന്ത്യ ചെയ്യേണ്ടിയിരുന്നതെന്നും ഡൂൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്