ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ഇനിയും വൈകും. രഞ്ജി ട്രോഫി കളിച്ച് അന്താരാഷ്ട ക്രിക്കറ്റിലേക്ക് തിരിച്ചുവരാനായിരുന്നു ഷമിയുടെ പദ്ധതി. എന്നാൽ പരിക്കിൽ നിന്നും താരം പൂർണമായും മോചിതനായിട്ടില്ല. രഞ്ജി ട്രോഫിയിൽ നാല്, അഞ്ച് മത്സരങ്ങൾക്കുള്ള ബംഗാൾ ടീമിൽ ഷമിയെ ഉൾപ്പെടുത്തിയിട്ടില്ല. ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയ്ക്ക് മുന്നോടിയായി രഞ്ജി മത്സരങ്ങൾ കളിക്കാൻ ഷമിക്ക് താൽപ്പര്യമുണ്ടെന്ന് ബംഗാൾ ടീമിന്റെ കോച്ച് ലക്ഷ്മി രത്തൻ ശുക്ലയും വെളിപ്പെടുത്തിയിരുന്നു. കായികക്ഷമത തെളിയിച്ചാൽ ഉൾപ്പെടുത്തുമെന്നും വാർത്തകൾ വന്നു. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണിത്.
കണങ്കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്നതിനാൽ പേസറെ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയിരുന്നു. ഇപ്പോൾ മധ്യപ്രദേശിനും കർണാടകക്കുമെതിരായ ബംഗാൾ ടീമിൽ നിന്നും ഷമിയെ ഒഴിവാക്കി. 2023 ഏകദിന ലോകകപ്പിലാണ് ഷമി ഇന്ത്യക്ക് അവസാനമായി കളിച്ചത്. പിന്നീട് പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കൃത്യസമയത്ത് ഫിറ്റ്‌നസ് ലഭിക്കാത്തതിന് തന്റെ ആരാധകരോടും ബി.സി.സി.ഐയോടും ഷമി ക്ഷമാപണം നടത്തിയിരുന്നു.
അടുത്തിടെ താരം ജിമ്മിൽ പരിശീലനം നടത്തുന്ന വീഡിയോ പങ്കിട്ടിരുന്നു. എല്ലാ ദിവസവും ബൗളിംഗ് ഫിറ്റ്‌നസ് നേടുന്നതിനായി താൻ പ്രവർത്തിക്കുകയാണെന്നും ഉടൻ തന്നെ ആഭ്യന്തര റെഡ് ബോൾ ക്രിക്കറ്റ് കളിക്കാൻ തിരിച്ചെത്തുമെന്നും ഷമി വ്യക്തമാക്കി. ബംഗ്ലാദേശിനും ന്യൂസിലൻഡിനുമെതിരായ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലേക്ക് തിരിച്ചുവരുമെന്ന് സൂചന ലഭിച്ചിരുന്നുവെങ്കിലും കാൽമുട്ടിന് നീർക്കെട്ടുണ്ടായി. പിന്നാലെ തിരിച്ചുവരവ് വൈകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്