ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. മുംബൈ സിറ്റി എഫ്സിക്കെതിരായ എവേ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. നിക്കോളാസ് കരേലിസിന്റെ ഇരട്ട ഗോളുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. നതാൻ അഷർ റോഡ്രിഗസ്, ലാലിയൻസ്വാല ചാങ്തെ എന്നിവരാണ് മുംബൈയുടെ മറ്റ് ഗോളുകൾ നേടിയത്. ജീസസ് ജിമിനെസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. 72-ാം മിനിറ്റിൽ പെപ്ര ചുവപ്പ് കാർഡുമായി പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ മുംബൈ മുന്നിലെത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നിക്കോളാസ് മുംബൈക്ക് ലീഡ് നൽകുകയായിരുന്നു. ആദ്യപാതി 1-0ത്തിന് അവസാനിച്ചു. രണ്ടാംപാതി തുടക്കത്തിൽ മുംബൈ ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണയും പെനാൽറ്റിയിലൂടെ നിക്കോളാസ് ഗോൾ നേടുകയായിരുന്നു. 55-ാം മിനിറ്റിലായിരുന്നു താരം വല കുലുക്കിയത്. എന്നാൽ രണ്ട് മിനിറ്റുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ തിരിച്ചടിച്ചു. ഇതും പെനാൽറ്റി ഗോളായിരുന്നു. ജിമിനെസാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്.
71-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് സമനില ഗോളും നേടി. പെപ്രയാണ് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകിയത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ചുവപ്പ് കാർഡുമായി പുറത്താവുകയും ചെയ്തു. നേരത്തെ മഞ്ഞകാർഡ് ലഭിച്ച താരമായിരുന്നു പെപ്ര. പിന്നീട് ഗോൾ ആഘോഷത്തിനിടെ ജേഴ്സി അഴിച്ചതിന് ചുവപ്പ് കാർഡും. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം നഷ്ടമായി. നാല് മിനിറ്റുകൾക്ക് ശേഷം അഷർ ഗോൾ നേടി. ഇതോടെ മുംബൈ വീണ്ടും ലീഡെടുത്തു. 90ാം മിനിറ്റിൽ ചാങ്തെ ബ്ലാസ്റ്റേഴ്സിന്റെ പെട്ടിയിൽ അവസാന ആണിയുമടിച്ചു.
തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളിൽ എട്ട് പോയിന്റ് മാത്രമാണ് ടീമിന്. മുംബൈ ഏഴാം സ്ഥാനത്താണ്. ആറ് മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈക്ക് ഒമ്പത് പോയിന്റുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്