ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് പരാജയം. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതാദ്യമായാണ് രാജ്യത്തിനുള്ളിൽ നടക്കുന്ന ടെസ്റ്റ് പരമ്പിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങുന്നത്. 147 റണ്‌സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നാം ദിനം 121 റണ്‌സിന് ഓൾ ഔട്ടായി.
147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 295 എന്ന നിലയിൽ തകർന്നടിഞ്ഞശേഷം അർധസെഞ്ചുറി നേടിയ റിഷഭ് പന്ത് വിജയപ്രതീക്ഷ നൽകിയെങ്കിലും ലഞ്ചിനുശേഷം അജാസ് പട്ടേലിന്റെ പന്തില് റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ 25 റൺസകലെ അടിതെറ്റി വീണു.
57 പന്തിൽ 64 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
11 റൺസെടുത്ത രോഹിത് ശർമയും 12 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറുമാണ് റിഷഭ് പന്തിന് പുറമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നവർ. ന്യൂസിലൻഡിനായി അജാസ് പട്ടേൽ 57 റണ്‌സിന് ആറ് വിക്കറ്റെടുത്തു. സ്‌കോർ ന്യൂസിലൻഡ് 235, 174, ഇന്ത്യ 263, 121. ജയത്തോടെ മൂന്ന് മത്സര പരമ്പര ന്യൂസിലൻഡ് 3-0ന് തൂത്തുവാരി.
മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് സന്ദർശകരുടെ രണ്ടാമിന്നിങ്‌സ് 174 റൺസിൽ അവസാനിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഒമ്പതിന് 171 എന്ന നിലയിൽ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ച കിവീസിന് 14 പന്തുകൾ നേരിട്ട് കേവലം മൂന്നു റൺസ് നേടാനേ കഴിഞ്ഞുള്ളു. എട്ടു റണ്‌സ് നേടിയ വാലറ്റക്കാരന് ഇജാസ് പട്ടേലിനെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് കിവീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
ഇതോടെ രണ്ടാമിന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം ആവർത്തിക്കാൻ ജഡേജയ്ക്കായി. ആദ്യ ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് ജഡേജ സ്വന്തമാക്കിയിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന് അശ്വിനും ഓരോ വിക്കറ്റുകളുമായി ആകാശ് ദീപും വാഷിങ്ടണ് സുന്ദറും മികച്ച പിന്തുണ നൽകി.
അർധസെഞ്ചുറി നേടിയ മധ്യനിര താരം വിൽ യങ്ങിനു മാത്രമാണ് കിവീസ് നിരയിൽ പിടിച്ചു നിൽക്കാനായത്.
100 പന്തുകൾ നേരിട്ട് രണ്ടു ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 51 റൺസാണ് യങ് നേടിയത്. 14 പന്തുകളിൽ 26 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സ്, 22 റൺസ് നേടിയ ഡെവൺ കോൺവെ, 21 റൺസ് നേടിയ ഡാരിൽ മിച്ചൽ എന്നിവരാണ് മറ്റു പ്രധാന സ്‌കോറർമാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്