ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

JANUARY 23, 2025, 12:30 AM

വരുൺ ചക്രവർത്തിക്ക് മൂന്ന് വിക്കറ്റ്, അഭിഷേക് ശർമ്മയ്ക്ക് അർദ്ധ സെഞ്ച്വറി(79)
കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴുവിക്കറ്റിന്റെ തകർപ്പൻ വിജയം നേടി ഇന്ത്യ. ഇന്നലെ ഈഡൻ ഗാർഡൻസിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്‌ളണ്ടിനെ നിശ്ചിത 20 ഓവറിൽ 132 റൺസിന് ആൾഔട്ടാക്കിയ ഇന്ത്യ 12.5 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും അക്ഷർ പട്ടേലും ചേർന്നാണ് ഇംഗ്‌ളണ്ടിനെ അരിഞ്ഞിട്ടത്. വെറും 34 പന്തുകളിൽ അഞ്ചുഫോറും എട്ടുസിക്‌സുമടക്കം 79 റൺസ് നേടിയ അഭിഷേക് ശർമ്മയും .20 പന്തുകളിൽ നാലുഫോറും ഒരു സിക്‌സുമടക്കം 26 റൺസ് നേടിയ സഞ്ജു സാംസണും ഇന്ത്യയുടെ ചേസിംഗ് ഈസിയാക്കി.

ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്‌പെല്ലിൽതന്നെ ഇംഗ്‌ളീഷ് ഓപ്പണർമാരായ ഫിൽ സാൾട്ടിനെയും ബെൻ ഡക്കറ്റിനെയും മടക്കി അയച്ച് അർഷ്ദീപ് സിംഗാണ് മികച്ച തുടക്കം നൽകിയത്. മത്സരത്തിലെ മൂന്നാം പന്തിൽ സാൾട്ടിനെ(0)അർഷ്ദീപ് കീപ്പർ സഞ്ജുവിന്റെ കയ്യിലെത്തിക്കുകയായിരുന്നു. മൂന്നാം ഓവറിൽ ഡക്കറ്റിനെ(4) റിങ്കു സിംഗ് പിടികൂടി. തുടർന്ന് ജോസ് ബട്ട്‌ലറും (68) ഹാരി ബ്രൂക്കും ചേർന്ന് (17) കരകയറ്റാൻ തുടങ്ങി.

vachakam
vachakam
vachakam

എന്നാൽ എട്ടാം ഓവറിൽ ടീം സ്‌കോർ 65ൽ വച്ച് വരുൺ ചക്രവർത്തി ബ്രൂക്കിനേയും ലിയാം ലിവിംഗ്സ്റ്റണിനെയും (0) പുറത്താക്കി ഇംഗ്‌ളണ്ടിന് ഇരട്ട പ്രഹരമേൽപ്പിച്ചു. തുടർന്ന് ബട്ട്ലർ ഒരറ്റത്ത് പോരാട്ടം തുടർന്നെങ്കിലും ബഥേലിനെ(7) പാണ്ഡ്യയും ഓവർടണിനെയും (2) അറ്റ്കിൻസണിനെയും(2) അക്ഷർ പട്ടേലും പുറത്താക്കി. അറ്റ്കിൻസണിനെ സഞ്ജു സ്റ്റംപ് ചെയ്തുവിടുകയായിരുന്നു.

17ാം ഓവറിൽ ടീം സ്‌കോർ 109ൽ വച്ച് വരുണാണ് ബട്ട്‌ലറെ മടക്ക അയച്ചത്. 44 പന്തുകൾ നേരിട്ട ഇംഗ്‌ളണ്ട് ക്യാപ്ടൻ എട്ടുഫോറുകളും രണ്ട് സിക്‌സുകളും പായിച്ചാണ് 68 റൺസിലെത്തിയത്.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവും അഭിഷേക് ശർമ്മയും ചേർന്ന് വീശിയടിച്ചാണ് തുടങ്ങിയത്.20 പന്തുകളിൽ നാലുഫോറും ഒരു സിക്‌സുമടക്കം 26 റൺസ് നേടിയ സഞ്ജുവിനെ അഞ്ചാം ഓവറിൽ ആർച്ചറുടെ പന്തിൽ അറ്റ്കിൻസൺ പിടികൂടി മടക്കിഅയച്ചു. പകരമിറങ്ങിയ സൂര്യകുമാർ യാദവ് നേരിട്ട മൂന്നാം പന്തിൽ ആർച്ചറുടെ ബൗളിംഗിൽ സാൾട്ടിന് പിടിനൽകി മടങ്ങി.തുടർന്ന് അഭിഷേക് കത്തിക്കയറുകയായിരുന്നു.

vachakam
vachakam
vachakam

43 പന്തുകൾ ബാക്കിനിൽക്കേയാണ് ഇന്ത്യ ഇന്നലെ വിജയം കണ്ടത്. ഇംഗ്‌ളണ്ടിന് എതിരായ ചേസിംഗ് വിജയത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ പന്തുകൾ ബാക്കിയാക്കിയ മത്സരം.

ഇന്ത്യയ്ക്ക് വേണ്ടി ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളറായി അർഷ്ദീപ് സിംഗ് മാറി. 96 വിക്കറ്റുകൾ നേടിയിരുന്ന യുസ്വേന്ദ്ര ചഹലിനെയാണ് അർഷ്ദീപ് മറികടന്നത്.

ശനിയാഴ്ച ചെന്നൈയിലാണ് രണ്ടാം ട്വന്റി20.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam