ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമിൽ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമയും ഓപ്പണർ യശസ്വി ജയ്‌സ്വാളും ഇടം പിടിച്ചു.
അജിൻക്യ രഹാനെ നയിക്കുന്ന ടീമിൽ ശ്രേയസ് അയ്യർ, ശിവം ദുബെ, തനുഷ് കൊട്ടിയൻ, ഷാർദുൽ ഠാക്കൂർ എന്നിവരുണ്ട്്. ഈ മാസം 23നാണ് മത്സരം. ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ മുംബൈ. അഞ്ച് മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് ടീമിനുള്ളത്. അടുത്ത റൗണ്ട് കളിക്കണമെങ്കിൽ വരുന്ന രണ്ട് മത്സരങ്ങളും മുംബൈക്ക് ജയിച്ചേ മതിയാവൂ. ജമ്മു 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 27 പോയിന്റുള്ള ബറോഡയാണ് ഗ്രൂപ്പിൽ ഒന്നാമത്.
ഓസ്‌ട്രേലിയൻ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടർന്നാണ് സീനിയർ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന നിർദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമിൽ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കാനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ രഞ്ജി ട്രോഫിയിൽ കളിക്കുമോ എന്ന കാര്യം രോഹിത്തിനോട് ചോദിച്ചിരുന്നു. താൻ മുംബൈക്കായി കളിക്കുമെന്ന് രോഹിത് പറയുകയും ചെയ്തു.
രോഹിത് തുടർന്നു... ''കഴിഞ്ഞ ആറോ ഏഴോ വർഷമായി നിങ്ങൾക്ക് നോക്കിയാൽ മനസിലാവും, ഞങ്ങൾ തുടർച്ചയായി പരമ്പരകൾ കളിക്കുകയാണ്. ഇതിനിടെ ഒരു 45 ദിവസം പോലും തികച്ച് ഞങ്ങൾ വീട്ടിൽ ഇരുന്നിട്ടില്ല. ഐപിഎൽ കഴിയുമ്പോൾ സമയം കിട്ടുമെങ്കിലും ആ സമയം ആഭ്യന്തര ടൂർണമെന്റുകളൊന്നുമില്ല. നമ്മുടെ ആഭ്യന്തര സീസൺ ഒക്ടോബറിൽ തുടങ്ങി മാർച്ചിലാണ് അവസാനിക്കുന്നത്. എല്ലാ ഫോർമാറ്റിലും കളിക്കാത്ത താരങ്ങൾക്ക് ടീമിലില്ലാത്തപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാവുന്നതാണ്.'' രോഹിത് പറഞ്ഞു.
ആരും ആഭ്യന്തര ക്രിക്കറ്റ് ബോധപൂർവം ഒഴിവാക്കില്ലെന്നും രോഹിത് പറഞ്ഞു. ''ഒരു കളിക്കാരനും ആഭ്യന്തര ക്രിക്കറ്റ് ബോധപൂർവം ഒഴിവാക്കുമെന്ന് കരുതാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം 2019 മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി കളിക്കാൻ തുടങ്ങിയതോടെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ സമയം കിട്ടാറില്ല. തുടർച്ചയായി രാജ്യാന്തര മത്സരങ്ങളിൽ കളിക്കുമ്പോൾ വീണ്ടും പഴയ ഊർജ്ജത്തോടെ തിരിച്ചുവരാൻ ഇടക്കൊരു ഇടവേളയൊക്കെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആരും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതെ മാറി നിൽക്കുന്നതല്ല.'' രോഹിത് വിശദീകരിച്ചു.
2015ലാണ് രോഹിത് അവസാനം രഞ്ജി ട്രോഫി ക്രിക്കറ്റിൽ കളിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്