ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ബംഗ്ലാദേശിനെ മുക്കി വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

JUNE 23, 2024, 2:21 AM

ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ ബാറ്റും ബോളും കൊണ്ട് ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഇന്ത്യ സൂപ്പര്‍ 8 മല്‍സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെ 50 റണ്‍സിന് തകര്‍ത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ കുഴങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മികച്ച ബാറ്റിംഗ് പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാനയച്ചതിന്റെ ആനുകൂല്യം ഇന്ത്യ മുതലെടുത്തു. ടൂര്‍ണമെന്റില്‍ ആദ്യമായി കോലി-രോഹിത് ഓപ്പണിംഗ് ജോഡി ക്ലിക്കായി. തകര്‍ത്തടിച്ച രോഹിത് ഷക്കീബ് അല്‍ ഹസനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തില്‍ ജാക്കര്‍ അലിക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇന്ത്യ 1ന് 39. 11 പന്തില്‍ 23 റണ്‍സാണ് രോഹിത് നേടിയത്. ഈ ലോകകപ്പില്‍ ആദ്യമായി രണ്ടക്കം കടന്ന കോലി 37 റണ്‍സെടുത്ത് നില്‍ക്കെ തന്‍സീം ഹസന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് ആദ്യ പന്തില്‍ സിക്‌സറടിച്ച് തുടങ്ങി, രണ്ടാം പന്തില്‍ പുറത്തായി. രണ്ട് സിക്‌സും 4 ബൗണ്ടറികളുമായി ഋഷഭ് പന്ത് തകര്‍ത്തടിച്ചു. 24 പന്തില്‍ 36 റണ്‍സെടുത്ത പന്തിനെ റിഷാദ് ഹുസൈനാണ് പുറത്താക്കിയത്. 

4 ന് 108 എന്ന നിലയില്‍ ഒരുമിച്ച ശിവം ദുബെ ഹാര്‍ദിക് പാണ്ഡ്യ ജോഡി മെല്ലെത്തുടങ്ങിയെങ്കിലും പിന്നീട് വമ്പനടികളുമായി കാണികളെ ആവേശത്തിലാക്കി. 53 റണ്‍സിന്റെ കൂട്ടുകെട്ട്. 34 റണ്‍സെടുത്ത ദുബെ, റിഷാദ് ഹുസൈന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. കൂട്ടിനെത്തിയ അക്ഷറിനെ കാഴ്ചക്കാരനാക്കി ഹാര്‍ദിക് പാണ്ഡ്യയുടെ പവര്‍ ഹിറ്റായിരുന്നു പിന്നീട്. 27 പന്തില്‍ 3 സിക്‌സറുകളും 4 ബൗണ്ടറികളുമായി 50 റണ്‍സെടുത്ത് അര്‍ദ്ധശതകം പൂര്‍ത്തിയാക്കി പാണ്ഡ്യ. ഇന്ത്യന്‍ സ്‌കോര്‍ 196 ല്‍ എത്തി. 

vachakam
vachakam
vachakam

മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗില്‍ 25 റണ്‍സും രണ്ടാം വിക്കറ്റില്‍ 31 റണ്‍സും കൂട്ടുകെട്ടുണ്ടാക്കി ബംഗ്ലാദേശ് പൊരുതി. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാട്ടി. 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുമായി കുല്‍ദീപ് യാദവിന്റെ മാജിക്. 2 വിക്കറ്റ് വീതം വീഴ്ത്തി ബുംറയും അര്‍ഷ്ദീപും. 146 ന് 8 എന്ന നിലയില്‍ ബംഗ്ലാദേശ് 20 ഓവര്‍ഡ പൂര്‍ത്തിയാക്കി. 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാന്റോയാണ് ബംഗ്ലാദേശ് ടോപ് സ്‌കോറര്‍. തോല്‍വിയോടെ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് ഏകദേശം പുറത്തായി.

അര്‍ദ്ധ സെഞ്ച്വറിയും ഒരു വിക്കറ്റും നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam