ക്യാച്ചസ് വിൻ മാച്ചസ് എന്ന തത്വം ഇന്ത്യ മറന്നാൽ സൂപ്പർ എട്ടിൽ തിരിച്ചടിയുണ്ടാകും

FEBRUARY 20, 2026, 7:19 AM

അജയ്യരായി സൂപ്പർ എട്ടിലേക്ക് സൂര്യകുമാർ യാദവിന്റ സംഘം കടന്നിരിക്കുന്നു, ഇനിയാണ് ട്വന്റി 20 ലോകകപ്പിന്റെ യഥാർത്ഥ തുടക്കം. ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ. ഗ്രൂപ്പ് ഓഫ് ഡെത്ത്, താരതമ്യേന ശക്തരല്ലെന്ന് സിംബാബ്‌വെയെ ടൂർണമെന്റിന് മുൻപ് വിലയിരുത്തിയവരൊക്കെ തിരുത്തിയിരിക്കുന്നു, തങ്ങളും എന്തിനും പോന്നവരാണെന്ന് അവർ തെളിയിച്ചു. വിൻഡീസും പ്രോട്ടിയാസും ഫോർമാറ്റിലെ കരുത്തർ. ഒന്നും എളുപ്പമാകില്ല. എതിരാളികളുടെ ശക്തിക്ക് മുൻപ് സ്വയം ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. ഇന്ത്യക്കുണ്ട് ചെറുതല്ലാത്ത ആശങ്കകൾ.

ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമയുടെ റൺ വരൾച്ചയാണ് പ്രധാനപ്പെട്ട ഒന്ന്. യു.എസ്.എയ്ക്ക് എതിരെ ഗോൾഡൻ ഡക്ക്. പാക്കിസ്ഥാനെതിരെ നാലാം പന്തിൽ മടക്കം. നെതർലൻഡ്‌സിനോട് മൂന്ന് പന്തിൽ കീഴടങ്ങി. കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളിൽ അഞ്ച് ഡക്ക്. ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്‌കോററാകുമെന്ന് ഇതിഹാസങ്ങൾ പ്രവചിക്കപ്പെട്ട അഭിഷേക് ഗ്രൂപ്പ് ഘട്ടത്തിൽ അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഡച്ച് പടയ്ക്ക് എതിരായ മത്സരത്തിന് മുൻപ് തീവ്ര പരിശീലനത്തിലേർപ്പട്ടിട്ടും കളത്തിൽ ഫലമുണ്ടായില്ല. താരം ഔട്ട് ഓഫ് ഫോം അല്ല, ഔട്ട് ഓഫ് റൺസാണ് എന്നത് പരിശീലകർ ഉറപ്പിക്കുകയും ചെയ്യുന്നു.

ഇഷാൻ കിഷന്റെ റൺ ഫീസ്റ്റാണ് അഭിഷേകിന്റെ മൂന്ന് പൂജ്യങ്ങളേയും മറികടക്കാൻ ഇന്ത്യയെ സഹായിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാൻ മാത്രമായിരുന്നു ഇന്ത്യക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ടായിരുന്നത്, അത് സംഭവിച്ചതുമില്ല. സൂപ്പർ എട്ടിലേക്ക് എത്തുമ്പോൾ കാര്യങ്ങൾ മറിച്ചാണ്. അഭിഷേകിന്റെ ബാറ്റ് റൺസ് കണ്ടത്തേണ്ടത് അനിവാര്യമായ മത്സരങ്ങൾ. അഭിഷേക് മടങ്ങിയാലും അഗ്രസീവ് മോഡിൽ ഇഷാൻ തുടരുന്നതിനാലാണ് മറ്റ് ബാറ്റർമാരിലേക്ക് സമ്മർദം എത്താത്തത്. ഇരുവരും പരാജയപ്പെട്ട നെതർലൻഡ്‌സിനെതിരായ മത്സരം ഒരു ഉദാഹരണമായി കാണാം.

vachakam
vachakam
vachakam

ഇനി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ തിലക് വർമയുടെ ലോകകപ്പിലെ സമീപനമാണ്. യു.എസ്.എയ്ക്ക് എതിരെ 16 പന്തിൽ 25 റൺസ്. നമീബിയക്കെതിരെ 21 പന്തിൽ 25. പാക്കിസ്ഥാനെതിരെ 24 പന്തിൽ 25. നെതർലൻഡ്‌സിനെതിരെ 27 പന്തിൽ 31 റൺസ്. നാല് മത്സരങ്ങളിൽ നിന്ന് ഇടം കയ്യൻ ബാറ്റർ നേടിയത് 106 റൺസാണ്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റാണ് ഇന്ത്യക്ക് വിനയാകുന്നത്. കേവലം 120 സ്‌ട്രൈക്ക് റേറ്റിലാണ് തിലക് ലോകകപ്പിൽ ബാറ്റ് ചെയ്യുന്നത്. ലോകകപ്പിൽ 50 റൺസിൽ കൂടുതൽ നേടിയ ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും കുറവ് സ്‌ട്രൈക്ക് റേറ്റ് തിലകിന്റെ പേരിലാണ്.

പരുക്കിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം തിലകിന് താളം കണ്ടെത്താനായിട്ടില്ല. 2025 മുതൽ തിലകിന്റെ സ്‌ട്രൈക്ക് റേറ്റിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2025 വരെ തിലകിന്റെ സ്‌ട്രൈക്ക് റേറ്റ് 164 ആയിരുന്നു. ശേഷമിത് 125 മാത്രമാണ്. മെല്ലെത്തുടങ്ങി പിന്നീട് അതിവേഗം സ്‌കോർ ചെയ്യുന്ന തിലകിന്റെ ശൈലിയാണ് ഇതിന് കാരണം, ടു പേസ്ഡായ വിക്കറ്റിൽ തിലകിന് ഇത് കഴിയാതെ പോകുന്നു. തുടക്കം മുതൽ അഗ്രസീവ് ആകാതെ ആംഗറുടെ റോൾ വഹിക്കുകയാണ് തിലക്. പക്ഷേ, സ്‌കോറിങ്ങിന് റേറ്റ് ഉയർത്തേണ്ട സമയത്ത് തിലക് പുറത്താകുകയും ചെയ്യുന്നതായാണ് ലോകകപ്പിലുടനീളം മൈതാനത്ത് സംഭവിച്ചത്.

മറ്റൊന്ന് ഇന്ത്യയുടെ ഫീൽഡിങ്ങിലെ പിഴവുകളാണ്. ലോകകപ്പിൽ ഇതുവരെ 10 ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടു. പത്ത് ക്യാച്ചുകൾ പാഴാക്കിയ അയർലൻഡാണ് ഒന്നാമത്, ഇന്ത്യക്ക് പിന്നിൽ നമീബിയയാണ്. ആറ് ക്യാച്ചുകൾ നബീയൻ താരങ്ങൾക്ക് കൈപ്പിടിയിലൊതുക്കാൻ കഴിയാതെ പോയി. പട്ടിക നോക്കിയാൽ ടോപ് ത്രീയിലുള്ള ശക്തരായ ഏക ടീം ഇന്ത്യയാണ്. ക്യാച്ചസ് വിൻ മാച്ചസ് എന്ന തത്വം ഇന്ത്യ മറന്നാൽ സൂപ്പർ എട്ടിൽ തിരിച്ചടിയുണ്ടാകുമെന്നതിൽ സംശയമില്ല.

vachakam
vachakam
vachakam

തിലകിനും അഭിഷേകിനും ഒഴികെ മറ്റ് ബാറ്റർമാർക്കെല്ലാം ഒരു മത്സരത്തിലെങ്കിലും ഇംപാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. ബൗളിങ് നിരയിലും ആശങ്കകളില്ല. വരുൺ ചക്രവർത്തിയും ജസ്പ്രിത് ബുമ്രയും നയിക്കുന്ന ബൗളിങ് നിര ബാറ്റിങ് നിരയേക്കാൾ സ്ഥിരത പുലർത്തുന്നുമുണ്ട്. ഒൻപത് വിക്കറ്റുമായി വരുൺ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam