ബംഗ്‌ളുരു: ഇന്ത്യയുടെ വേഗരാജപ്പട്ടത്തിന് ഇനി പുതിയ അവകാശി. ഇന്നലെ ബംഗ്‌ളുരു സായ് സെന്ററിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീ അത്‌ലറ്റിക്‌സിന്റെ ആദ്യ പാദത്തിൽ പുതിയ ദേശീയ റെക്കോർഡോടെ ചാമ്പ്യനായ ഗുരീന്ദർവീർ സിംഗാണ് വിസ്മയമായത്. 10.20 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗുരീന്ദർ വീർ 2023 ഒക്ടോബറിൽ മണികണ്ഠ ഹോബ്‌ലിധർ സ്വഷ്ടിച്ചിരുന്ന 10.23 സെക്കൻഡിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്. 10.27 സെക്കൻഡായിരുന്നു ഇതിനുമുമ്പുള്ള ഗുരീന്ദർവീറിന്റെ മികച്ച സമയം. 2021ലാണ് ഈ സമയം കണ്ടെത്തിയിരുന്നത്.
മണികണ്ഠയ്ക്ക് ഒപ്പമോടിയാണ് ഗുർവീന്ദർ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടന്നത്. തന്റെ റെക്കോർഡ് 0.01 സെക്കൻഡ് മെച്ചപ്പെടുത്തിയ മണികണ്ഠ രണ്ടാമനായി ഫിനിഷ് ചെയ്തു. 10.43 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമ്‌ലൻ ബോർഗോഹെയ്‌നാണ് മൂന്നാമതെത്തിയത്. ഈയിനത്തിൽ മത്സരിച്ച കേരളത്തിന്റെ മുഹമ്മദ് ഷാൻ ആറാമനായാണ് ഫിനിഷ് ചെയ്തത്.
പഞ്ചാബുകാരനായ ഗുരീന്ദർവീർ റിലയൻസ് ഫൗണ്ടേഷനിലാണ് പരിശീലനം. മണികണ്ഠയും റിലയൻസിലാണ്. കഴിഞ്ഞ വർഷം നടന്ന ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് മീറ്റിലും ഫെഡറേഷൻ കപ്പിലും സ്വർണം നേടിയിരുന്നു. ഡെറാഡൂണിൽ ഈ വർഷമാദ്യം നടന്ന ദേശീയ ഗെയിംസിൽ നിരാശപ്പെടുത്തിയ ഗുരീന്ദറിന്റെ ശക്തമായ തിരിച്ചുവരവാണ് ബംഗ്‌ളുരുവിൽ കണ്ടത്.
ലസാൻ, സാന്ദ്ര സ്വർണ ജേതാക്കൾ
ഇന്ത്യൻ ഗ്രാൻപ്രീയിലെ പുരുഷ വിഭാഗം 110 മീറ്റർ ഹഡിൽസിൽ മലയാളി താരം വി.കെ. മുഹമ്മദ് ലസാൻ സ്വർണം നേടി. ജെ.എസ്.ഡബ്‌ളിയുവിന് വേണ്ടി മത്സരിച്ച ലസാൻ 14.13 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഇക്കഴിഞ്ഞ ദേശീയ ഗെയിംസിലും ലസാൻ മെഡൽ നേടിയിരുന്നു. പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ കേരളത്തിന്റെ ബിബിൻ ആന്റണി വെള്ളി നേടി. ഹൈജമ്പിൽ ഭരത് രാജിന് വെങ്കലം ലഭിച്ചു. 200 മീറ്ററിൽ റിലയൻസിന്റെ അമ്‌ലൻ ബോർഗോഹെയ്‌നാണ് സ്വർണം.
വനിതകളുടെ ലോംഗ് ജമ്പിൽ ജെ.എസ്.ഡബ്‌ളിയുവിന് വേണ്ടി മത്സരിച്ച മലയാളി താരം സാന്ദ്ര ബാബുവിനാണ് സ്വർണം. 6.22 മീറ്ററാണ് സാന്ദ്ര ചാടിയത്. 100 മീറ്റർ ഹഡിൽസിൽ ആന്ധ്രപ്രദേശിന്റെ ജ്യോതി യരാജി ഒന്നാമതെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്