91 വർഷത്തിനിടെ ഇന്ത്യൻ മണ്ണിൽ ആദ്യം

SEPTEMBER 14, 2024, 2:21 PM

ഗ്രേറ്റർ നോയ്ഡ: ആകാശത്തുകൂടിപ്പോയ വിന ഏണിവച്ച് കയറിച്ചെന്ന് ഏറ്റുവാങ്ങിയ അവസ്ഥയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അഫ്ഗാനിസ്ഥാനും ന്യൂസിലാൻഡും തമ്മിലുള്ള ഏക ക്രിക്കറ്റ് ടെസ്റ്റിന് ഡൽഹിക്ക് അടുത്ത് ഗ്രേറ്റർ നോയ്ഡയിലെ ഷഹീദ് വിജയ് സിംഗ് പഥിക് സ്‌പോർട്‌സ് കോംപ്ലക്‌സിൽ വേദിയൊരുക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനമാണ് വലിയ വിനയായി മാറിയത്. മഴയും പിച്ചിലെ നനവും കാരണം അഞ്ചാം ദിവസവും ഒറ്റ പന്തുപോലും എറിയാനോ എന്തിന് ടോസിടാനോ കഴിയാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ക്രിക്കറ്റിൽ ഏറ്റവും സമ്പന്നമായ ബി.സി.സി.ഐയ്ക്ക് അന്താരാഷ്ട്ര മത്സരത്തിന് മികച്ച ഒരു വേദി ഒരുക്കാൻ കഴിയില്ലെന്ന വിമർശനങ്ങളാണ് പരക്കെ ഉയരുന്നത്.

അഫ്ഗാനിൽ ക്രിക്കറ്റ് കളിക്കാനുള്ള സുരക്ഷാസാഹചര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇന്ത്യ ന്യൂസിലാൻഡുമായുള്ള മത്സരത്തിന് വേദിയൊരുക്കാൻ സന്നദ്ധത അറിയിച്ചത്. വർഷങ്ങളായി അഫ്ഗാൻ ടീം പരിശീലിക്കുകയും മത്സരിക്കുകയും ചെയ്യുന്ന ഗ്രേറ്റർ നോയ്ഡ സ്റ്റേഡിയത്തിൽ തന്നെ മത്സരം നടത്താനും സമ്മതിച്ചു. പക്ഷേ മഴ എല്ലാം കുളമാക്കി. മഴ മാറിയിട്ടും പിച്ചിലെ നനവ് മാറാത്തത് മറ്റൊരു വിനയായി. ഗ്രൗണ്ട്‌സ്മാൻമാർ അറ്റകൈയ്ക്ക് ടേബിൾ ഫാൻ കൊണ്ടുവന്ന് കാറ്റുകൊള്ളിച്ചുവരെ ഗ്രൗണ്ടുണക്കാൻ നോക്കി. എന്നിട്ടും ഗുണമുണ്ടായില്ല. ഒടുവിൽ അഞ്ചാം ദിനമായ വെള്ളിയാഴ്ച സ്റ്റേഡിയത്തിലെ സാഹചര്യം വിലയിരുത്തിയ അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് ഗ്രൗണ്ടിന്റെ ചുമതലയുള്ളതെങ്കിലും ഇവിടെ വേദി അനുവദിച്ച ബി.സി.സി.ഐ സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ വേണ്ടവിധത്തിൽ വിലയിരുത്തിയില്ലെന്ന വിമർശനം ശക്തമാണ്. കനത്ത മഴയും സംഘാടനത്തിലെയും മറ്റും പ്രശ്‌നങ്ങളും ഗ്രൗണ്ടിലെ മോശം ഡ്രെയിനേജ് സംവിധാനവും പരിചയസമ്പന്നരല്ലാത്ത ഗ്രൗണ്ട് സ്റ്റാഫുമെല്ലാം വിമർശനങ്ങൾക്ക് കാരണമായി. ഗ്രൗണ്ടിലെ വെള്ളക്കെട്ടിന്റെ ചെറിയ ഭാഗം പോലും മാറ്റാൻ സ്റ്റാഫിന് സാധിച്ചില്ല. ഗ്രൗണ്ടിലെ ഈർപ്പം മാറ്റാൻ സൂപ്പർ സോപ്പർ പോലുള്ള ആധുനിക സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

vachakam
vachakam
vachakam

അഫ്ഗാന്റെ ഇഷ്ടമെന്ന്

മത്സരത്തിനായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമോ കാൺപുരിലെ ഗ്രീൻ പാർക്കോ തിരഞ്ഞെടുക്കാമെന്ന് ബി.സി.സി.ഐ അഫ്ഗാനെ അറിയിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ഏറെ പരിചിതവും താരതമ്യേന ചെലവുകുറഞ്ഞതുമായ ഗ്രേറ്റർ നോയ്ഡ തിരഞ്ഞെടുത്തത് അഫ്ഗാൻ ക്രിക്കറ്റ് ബോർഡായിരുന്നു എന്നാണ് അറിയുന്നത്. എന്നാൽ ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റും ദുലീപ് ട്രോഫി മത്സരവും ഈ വേദികളിൽ നടക്കാനുള്ളതിനാലാണ് അഫ്ഗാൻ ഗ്രേറ്റർ നോയ്ഡ നൽകിയതെന്നും പറയുന്നുണ്ട്.

91 വർഷങ്ങൾക്കിടെ ഇന്ത്യൻ മണ്ണിൽ പന്ത് പോലും എറിയാതെ ഒരു ടെസ്റ്റ് മത്സരം ഉപേക്ഷിക്കുന്നത് ഇതാദ്യം. 1933ലാണ് ഇന്ത്യയിൽ ടെസ്റ്റ് മത്സരങ്ങൾ ആരംഭിച്ചത്.

vachakam
vachakam
vachakam

ഏഷ്യയിൽ ഇതിന് മുമ്പ് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത് ഒരു ടെസ്റ്റ് മത്സരം മാത്രമാണ്. 1998ൽ ഫൈസലാബാദിൽ പാകിസ്ഥാനും സിംബാബ്‌വെയും തമ്മിലുളള മത്സരമായിരുന്നു അത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചത് ഏഴ് ടെസ്റ്റുകൾ മാത്രമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam