ലോകകപ്പ് ഫൈനലിന് മുന്നോടിയായി ടൂർണമെന്റിലെ ടീമുകൾക്കുള്ള വമ്പൻ സമ്മാനത്തുക ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തർ ലോകകപ്പിനെ അപേക്ഷിച്ച് 50 ശതമാനം വർധനയോടെ 6,404 കോടി രൂപയുടെ പ്രൈസ് പൂളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഫൈനലിൽ വിജയിക്കുന്ന ടീമിന് 482 കോടി രൂപയും റണ്ണേഴ്‌സ് അപ്പിന് 317.8 കോടി രൂപയും ലഭിക്കുമ്പോൾ, ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും കോടികളുടെ സാമ്പത്തിക പ്രതിഫലം ഉറപ്പാക്കിയിട്ടുണ്ട്.
ഇതിൽ വിജയിക്കുന്ന ചാമ്പ്യന്മാർക്ക് ഏകദേശം 482 കോടി രൂപയും റണ്ണേഴ്‌സ് അപ്പിന് ഏകദേശം 317.8 കോടി രൂപയും സമ്മാനമായി ലഭിക്കും. ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസും ഇംഗ്ലണ്ടുമാണ് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടുന്നത്.
ഇതിൽ ജയിക്കുന്ന ടീമിന് 279.3 കോടി രൂപയും നാലാം സ്ഥാനത്തെത്തുന്ന ടീമിന് 260 കോടി രൂപയും ലഭിക്കും. ക്വാർട്ടർ ഫൈനലിൽ പുറത്തായ മൊറോക്കോ, ബെൽജിയം, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നീ ടീമുകൾക്ക് 183 കോടി രൂപ വീതവും, പ്രീക്വാർട്ടറിൽ പുറത്തായ എട്ട് ടീമുകൾക്ക് 144 കോടി രൂപ വീതവും ലഭിക്കും. റൗണ്ട് ഓഫ് 32ൽ പുറത്തായ 16 ടീമുകൾക്ക് 106 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.
ടൂർണമെന്റിൽ പങ്കെടുത്ത 48 ടീമുകൾക്കും കുറഞ്ഞത് ഏകദേശം 101 കോടി രൂപ വീതം ഉറപ്പുനൽകിയിരുന്നു. ഇതിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ടീമുകൾക്ക് ഒരുക്കങ്ങൾക്കായുള്ള തുകയുൾപ്പെടെ ഏകദേശം 87 കോടി രൂപ ലഭിക്കും.
ഫിഫ നൽകുന്ന ഈ സമ്മാനത്തുക ഓരോ രാജ്യത്തെയും ഫുട്‌ബോൾ അസോസിയേഷനുകൾക്കാണ് നേരിട്ട് കൈമാറുന്നത്. ഈ തുകയിൽ എത്ര ശതമാനം കളിക്കാർക്കും പരിശീലകർക്കും നൽകണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതത് അസോസിയേഷനുകൾക്കാണ്. ബാക്കി തുക സാധാരണയായി രാജ്യങ്ങളിലെ ഫുട്‌ബോൾ വികസന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കാറുള്ളത്.
ഉദാഹരണത്തിന്, പ്രീക്വാർട്ടറിൽ പുറത്തായ സഹആതിഥേയരായ അമേരിക്കയ്ക്ക് ലഭിക്കുന്ന 15 മില്യൺ ഡോളറിന്റെ 80 ശതമാനവും അവരുടെ പുരുഷവനിതാ ദേശീയ ടീമുകളുടെ പൂളിലേക്ക് തുല്യമായി വീതിച്ചു നൽകും. എന്നാൽ ഇംഗ്ലണ്ട് താരങ്ങൾ വ്യത്യസ്തമായ ഒരു മാതൃകയാണ് പിന്തുടരുന്നത്.
തങ്ങൾക്ക് ലഭിക്കുന്ന മാച്ച് ഫീസായ 2,000 പൗണ്ട് (ഏകദേശം രണ്ടര ലക്ഷം രൂപ) അവർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുകയാണ് ചെയ്യുന്നത്. 48 ടീമുകൾ പങ്കെടുത്ത ഈ ലോകകപ്പിൽ നിന്ന് 10 ബില്യൺ ഡോളറിലധികം (ഏകദേശം 96,280 കോടി രൂപ) വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്.
അതായത് ഫിഫയുടെ ആകെ വരുമാനത്തിന്റെ 6.5 ശതമാനം മാത്രമാണ് സമ്മാനത്തുകയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. മുൻ ലോകകപ്പുകളെ അപേക്ഷിച്ച് വരുമാനത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്.
പുതിയ നാല് വർഷത്തെ സൈക്കിളിൽ ഫിഫയുടെ വരുമാനം 13 ബില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചാമ്പ്യന്മാർക്കുള്ള സമ്മാനത്തുകയിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2022ൽ കിരീടം നേടിയ അർജന്റീനയ്ക്ക് ലഭിച്ചതിനേക്കാൾ 77 കോടി രൂപ അധികമാണ് ഇത്തവണത്തെ വിജയികൾക്ക് ലഭിക്കുക.
1982ൽ സ്‌പെയിനിൽ നടന്ന ലോകകപ്പിലാണ് ഫിഫ ആദ്യമായി സമ്മാനത്തുക പ്രഖ്യാപിക്കാൻ തുടങ്ങിയത്. അന്ന് കിരീടം നേടിയ ഇറ്റലിക്ക് ലഭിച്ചത് വെറും 2.2 മില്യൺ ഡോളർ (ഏകദേശം 21 കോടി രൂപ) മാത്രമായിരുന്നു. ഇത്തവണത്തെ വിജയികൾക്ക് ലഭിക്കുന്ന തുക 44 വർഷം മുമ്പ് ഇറ്റലിക്ക് ലഭിച്ചതിന്റെ 20 മടങ്ങിലധികം വരും എന്നത് ഫുട്‌ബോൾ ലോകം കൈവരിച്ച സാമ്പത്തിക വളർച്ചയുടെ തെളിവാണ്.
കോടികളുടെ സമ്മാനത്തുകയ്ക്ക് പുറമെ ചാമ്പ്യൻമാർക്ക് സ്വർണ്ണ മെഡലുകളും റണ്ണേഴ്‌സ് അപ്പിന് വെള്ളി മെഡലുകളും മൂന്നാം സ്ഥാനക്കാർക്ക് വെങ്കല മെഡലുകളും സമ്മാനിക്കും.
ഫൈനലിന് ശേഷം ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും, മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവും, ടോപ്പ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടും പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
