ന്യൂഡല്‍ഹി: ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമത സ്വത്വവും സാംസ്‌കാരിക പാരമ്പര്യവും ഘട്ടംഘട്ടമായി ഇല്ലാതാക്കാനും ഇന്ത്യയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക സന്നദ്ധത വര്‍ധിപ്പിക്കാനുമുള്ള ഇരട്ട തന്ത്രവുമായി ചൈന. മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കായി വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് പുരോഗമിക്കുന്നതെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശത്തെ പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങള്‍ തകര്‍ത്തും പുനര്‍നാമകരണം ചെയ്തുമാണ് ചൈന ഈ നീക്കം നടത്തുന്നത്. ടിബറ്റിലെ ഖാം മേഖലയിലുണ്ടായിരുന്ന 99 അടി ഉയരമുള്ള പ്രശസ്തമായ ബുദ്ധ പ്രതിമ ചൈനീസ് അധികൃതര്‍ പൊളിച്ചുനീക്കിയതായി ഉപഗ്രഹ ചിത്രങ്ങളും ദൃക്സാക്ഷി മൊഴികളും സ്ഥിരീകരിക്കുന്നു. 1973 ലെ ശക്തമായ ഭൂകമ്പത്തിന് ശേഷം പ്രദേശത്തെ തുടര്‍ ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന വിശ്വാസത്തില്‍ പ്രദേശവാസികള്‍ നിര്‍മ്മിച്ച ഈ ആരാധനാ കേന്ദ്രം നിലനിന്നിരുന്ന സ്ഥലം ഇപ്പോള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയ പ്രചാരണത്തിനായുള്ള ഡ്രാഗോ കൗണ്ടി റെഡ് ആര്‍മി കാവല്‍റി ഡിവിഷന്‍ റേസ്‌കോഴ്സ് എന്ന വിനോദ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
ടൂറിസം, സ്‌പോര്‍ട്‌സ്, ഗ്രാമവികസനം എന്നിവയുടെ മറവില്‍ നടക്കുന്ന പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് യുദ്ധ വാഹനങ്ങളും സൈനികരെയും അതിര്‍ത്തിയിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നവയാണ്. അതിര്‍ത്തി ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് ചെറുപ്പത്തിലേ സൈനിക പരിശീലനം നല്‍കി ലിബ എന്ന പ്രാദേശിക പട്രോളിങ് സംഘങ്ങളില്‍ ഉള്‍പ്പെടുത്താനും ചൈന നീക്കം നടത്തുന്നുണ്ട്.
മേഖലയിലെ തദ്ദേശീയ ടിബറ്റന്‍ ജനസംഖ്യാ അനുപാതം കുറയ്ക്കുന്നതിനായി ഹാന്‍ വംശജരെ ഇവിടേക്ക് കുടിയേറാന്‍ ഭരണകൂടം വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം സ്‌കൂളുകളിലും പൊതുസ്ഥാപനങ്ങളിലും ചൈനീസ് ഭാഷ നിര്‍ബന്ധമാക്കുകയും ടിബറ്റന്‍ ഭാഷയും പാരമ്പര്യ വിദ്യാഭ്യാസവും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര തലത്തില്‍ ടിബറ്റിന്റെ ചരിത്രപരമായ സ്വത്വം തകര്‍ക്കാന്‍ ഷിസാങ് എന്ന് പുനര്‍നാമകരണം ചെയ്യാനും ചൈന ശ്രമം തുടങ്ങിയിട്ടുണ്ട്.
ബ്രഹ്മപുത്ര, സിന്ധു, സത്‌ലജ് തുടങ്ങിയ പ്രധാന ഏഷ്യന്‍ നദികളുടെ ഉത്ഭവകേന്ദ്രമായ ടിബറ്റന്‍ പീഠഭൂമിയില്‍ ഡാമുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിലൂടെ ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ക്ക് മേല്‍ തന്ത്രപരമായ മേല്‍ക്കൈ നേടാന്‍ ചൈന ലക്ഷ്യമിടുന്നു. ചൈനയുടെ ഇത്തരം നീക്കങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കിയ സുരക്ഷാ ഏജന്‍സികള്‍, അതിര്‍ത്തിയിലെ എല്ലാ മാറ്റങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
