ഡൽഹി: നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടിയായി മാറില്ലെന്ന് വ്യക്തമാക്കി സിജെപി നേതൃത്വം. മതനിരപേക്ഷ ജനകീയ കൂട്ടായ്മയായി പ്രവർത്തനം തുടരാനാണ് സംഘടനയുടെ തീരുമാനം. സംഘടനയെ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക വെബ്സൈറ്റ് വഴി അംഗത്വം സ്വീകരിക്കാൻ കഴിയുന്ന ക്യു.ആർ കോഡും പുറത്തിറക്കി.
സിജെപിയുടെ പേരിൽ ഫണ്ട് ശേഖരണം നടത്തുന്നില്ലെന്നും അത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വീഴരുതെന്നും സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ മുതൽ രാജ്യവ്യാപക പര്യടനം സംഘടിപ്പിക്കാനും സിജെപി തീരുമാനിച്ചിട്ടുണ്ട്. 'ക്യാ ബോൽത്തി പബ്ലിക്' എന്ന പേരിലാണ് ദേശീയതല ക്യാംപെയ്ൻ സംഘടിപ്പിക്കുക. രാജ്യത്തെ വിവിധ സാമൂഹിക കൂട്ടായ്മകളെയും പ്രസ്ഥാനങ്ങളെയും ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമെന്ന് നേതൃത്വം അറിയിച്ചു.
സംഘടനയുടെ ദേശീയ കൺവീനറായി അഭിജീത് ദീപ്കെയെ നിയമിച്ചു. സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർ കോ-കൺവീനർമാരാകും. രാജ്യത്തെ അഞ്ച് മേഖലകളായി വിഭജിച്ച് ഓരോ മേഖലയ്ക്കും പ്രത്യേക കൺവീനർമാരെ നിയോഗിച്ചാണ് സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുക.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ സംഘടനയുടെ പ്രധാന ആശങ്കകളിലൊന്നാണെന്നും സിജെപി വ്യക്തമാക്കി. സ്കൂൾ ഫീസ് താങ്ങാനാവാത്ത വിധം ഉയരുകയാണെന്നും കോച്ചിംഗ് സെന്ററുകൾ ലാഭകേന്ദ്രങ്ങളായി മാറിയെന്നും സംഘടന കുറ്റപ്പെടുത്തി.
"വിദ്യാഭ്യാസം പണം സമ്പാദിക്കാനുള്ള മാർഗമായി മാറുകയാണ്. രാജ്യത്ത് 94,000 സ്കൂളുകൾ അടച്ചുപൂട്ടി. സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ പരിഗണന നൽകുന്നില്ല. വിദ്യാഭ്യാസ ചെലവ് സാധാരണക്കാർക്ക് താങ്ങാനാവാത്ത നിലയിലാണ്. വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം വേണം. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്, കച്ചവടമല്ല," എന്നാണ് സംഘടനയുടെ നിലപാട്.
രാജ്യത്തെ ജനസംഖ്യയിൽ 60 ശതമാനത്തിലധികം യുവാക്കളാണെന്നും തൊഴിലില്ലായ്മ ഗുരുതര വെല്ലുവിളിയായി തുടരുകയാണെന്നും സിജെപി ചൂണ്ടിക്കാട്ടി. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത് പ്രധാനമായും യുവാക്കളായിരുന്നുവെന്നും സംഘടന പറഞ്ഞു.
നീതിന്യായ സംവിധാനത്തെയും സിജെപി വിമർശിച്ചു. പണവും സ്വാധീനവും ഉള്ളവരുടെ കേസുകൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച സംഘടന, രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും തങ്ങൾക്കൊറ്റയ്ക്ക് പരിഹാരം കാണാനാകില്ലെന്നും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മാറ്റത്തിനായുള്ള ശ്രമങ്ങളാണ് ലക്ഷ്യമെന്നും നേതൃത്വം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
