പിറവം: വാക്കുതര്‍ക്കത്തിനിടെ ഉറ്റസുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കക്കാട് പൊതുകുന്നത് അരുണ്‍ പ്രകാശ് (31) ആണ് കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ പിറവം സ്‌നേഹഭവന്‍ റോഡിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
ജിഷ്ണുവിന്റെ അമ്മയോട് അരുണ്‍ ഫോണിലൂടെ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊടുംകൃത്യത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറിലിരിക്കെയാണ് ജിഷ്ണു അരുണിനെ ഫോണില്‍ വിളിക്കുന്നത്. തുടര്‍ന്ന് അരുണും മറ്റ് രണ്ടു സുഹൃത്തുക്കളും നിന്ന പള്ളിക്കവല ഭാഗത്തേക്ക് നീങ്ങുന്നതിനിടയില്‍ ജിഷ്ണു കുപ്പിയില്‍ പെട്രോള്‍ കരുതുകയായിരുന്നു.
പള്ളിക്കവലയില്‍ നിന്ന് സ്‌നേഹഭവന്‍ റോഡിലേക്ക് പോയ സംഘം അവിടെ വെച്ച് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അമ്മയെ വിളിച്ച് അനാവശ്യം പറഞ്ഞതിനെക്കുറിച്ച് ജിഷ്ണു അരുണിനോട് ചോദ്യം ചെയ്യുകയും, അതിനിടയില്‍ കത്തിക്കെടാ എന്ന് പറഞ്ഞ് അരുണിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയുമായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ഗീവര്‍ഗീസ് പോലീസിന് മൊഴി നല്‍കി.
തുടര്‍ന്ന് ജിഷ്ണു പലതവണ ലൈറ്റര്‍ കത്തിച്ചെങ്കിലും തീ കൊളുത്തുമെന്ന് ഒപ്പമുണ്ടായിരുന്ന ആരും കരുതിയിരുന്നില്ല. നിമിഷങ്ങള്‍ക്കകം തീ ആളിക്കത്തിയതോടെ എല്ലാവരും ചേര്‍ന്ന് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടെയുണ്ടായിരുന്ന ഗീവര്‍ഗീസും പ്രഫുല്ലും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ചാണ് പൊള്ളലേറ്റ അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ചത്.
അരുണിനെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. പൊള്ളലേറ്റ ജിഷ്ണുവിനെ പിറവത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
അഞ്ചുപേരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. സിനിമയുമായി ബന്ധപ്പെട്ട് കാരവാന്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ജിഷ്ണു ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗള്‍ഫിലേക്ക് പോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
