തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജയില്‍ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ജയിലിലെത്തിച്ച തച്ചങ്കരിക്ക് തടവുകാരന്‍ നമ്പര്‍ സി 475 ആണ് അനുവദിച്ചിരിക്കുന്നത്. ജയില്‍ വേഷമായ വെള്ളമുണ്ടും ഷര്‍ട്ടുമാണ് നല്‍കിയിട്ടുള്ളത്.
ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ ഡോക്ടര്‍മാരുടെ വിദഗ്ധ നിര്‍ദേശ പ്രകാരം മാത്രമായിരിക്കും ഇദ്ദേഹത്തെ സെല്ലിലേക്ക് മാറ്റുക. മുന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനായതിനാല്‍ സഹതടവുകാരില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടാകാനുള്ള സാധ്യതയും ജയില്‍ അധികൃതര്‍ കണക്കിലെടുക്കുന്നുണ്ട്. സെല്ലിലേക്ക് മാറ്റുകയാണെങ്കില്‍ മറ്റു തടവുകാര്‍ക്കൊപ്പം നിലത്തായിരിക്കും കിടക്കേണ്ടി വരിക. നിലവില്‍ ആശുപത്രി ബ്ലോക്കില്‍ കട്ടില്‍ സൗകര്യം ലഭിക്കുന്നുണ്ട്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരിക്കും ജയിലിലെ ഭക്ഷണ മെനു ക്രമീകരിക്കുക. ജയില്‍ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമായി വന്നാല്‍ ജനറല്‍ ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ മാറ്റും. കോടതിയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഔദ്യോഗിക പദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിക്ക് കഠിനതടവ് ശിക്ഷ വിധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
