കൊച്ചി: വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്ന് നിയമവിരുദ്ധമായ അളവില്‍ വിദേശമദ്യം പിടികൂടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ എക്‌സൈസിന്റെ മറുപടി തേടിയ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്, കേസ് ഇന്ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
ബുധനാഴ്ച വൈകിട്ടാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വീട്ടില്‍നിന്ന് 43.850 ലിറ്റര്‍ വിദേശനിര്‍മിത മദ്യവും വൈനും എക്‌സൈസ് സംഘം കണ്ടെടുത്തത്. തുടര്‍ന്ന് അബ്കാരി നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുകയും എറണാകുളത്തുനിന്ന് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ മദ്യം കണ്ടെടുത്ത വീടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ജാമ്യാപേക്ഷയില്‍ ആന്റോ വാദിക്കുന്നത്. 2022 ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ഫാസി നിയമപ്രകാരം ലേലം ചെയ്ത വസ്തുവാണിതെന്നും, രണ്ട് കോടി രൂപയ്ക്ക് ലില്ലി ജോസ് എന്ന വ്യക്തിക്കാണ് ലേലത്തില്‍ ഇത് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഈ വസ്തുവിന്റെ ഉടമസ്ഥതയോ കൈവശാവകാശമോ തനിക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
റെയ്ഡ് നടന്ന സമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മദ്യം വില്‍പന നടത്താന്‍ സൂക്ഷിച്ചതാണെന്നതിന് തെളിവുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പിടിച്ചെടുത്തത് പ്രമുഖ ബ്രാന്‍ഡുകളുടെ വിദേശമദ്യമായതിനാല്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ സൂക്ഷിച്ചു എന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണ്. റെയ്ഡിലും അറസ്റ്റിലും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും, പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടുതല്‍ കസ്റ്റഡി അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശിക്കുന്ന ഏത് ഉപാധികളും പാലിക്കാന്‍ തയാറാണെന്ന വ്യവസ്ഥയിലാണ് ജാമ്യം അപേക്ഷിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
