പന്തളം : നായർ സർവീസ് സൊസൈറ്റി (NSS) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന കാർ ടെമ്പോ വാനുമായി കൂട്ടിയിടിച്ചു. പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്‌കൂൾ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. ചടങ്ങിൽ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലേക്ക് മടങ്ങുന്ന വഴിയുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ മൂക്കിനാണ് പരുക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടം നടന്നയുടൻ പ്രദേശത്തുണ്ടായിരുന്ന എൻ.എസ്.എസ് പ്രവർത്തകരും ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു.
മൂക്കിന് നേരിയ തോതിൽ രക്തസ്രാവമുണ്ടായെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ജീവനക്കാരും, ടെമ്പോ വാനിലുണ്ടായിരുന്നവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
നേരത്തെ വീണ് തുടയെല്ലിന് പരുക്കേറ്റ് ദീർഘനാൾ വിശ്രമത്തിലായിരുന്ന അദ്ദേഹം അടുത്തകാലത്താണ് സംഘടനാ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായത്. അപകടം നടന്ന കുരമ്പാല അമൃത സ്‌കൂൾ ജംഗ്ഷൻ നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖലയാണെന്ന് നാട്ടുകാർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
