കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളാകാമെന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഇ.ഡി നല്‍കിയ വിവരങ്ങളുടെയും പുതിയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിജിലന്‍സിനോ പോലീസിനോ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിയമപരമായി തടസ്സമില്ലെന്ന് വ്യക്തമാക്കി എ.ജി ആഭ്യന്തര വകുപ്പിന് കത്ത് കൈമാറി.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നും ഇതിനായി മകള്‍ വീണയുടെ കമ്പനിയെ ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച 25 പേജുള്ള റിപ്പോര്‍ട്ടിലുള്ളത്. അഴിമതി നിരോധന നിയമപ്രകാരവും പി.എം.എല്‍.എ വകുപ്പുകള്‍ പ്രകാരവും കേസ് അന്വേഷിക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.
പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ്, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം തുടങ്ങി പന്ത്രണ്ടിലധികം പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആര്‍എല്‍ ഇടപാടിന് പുറമെ കോടിക്കണക്കിന് രൂപയുടെ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സൂചനകളും ഇ.ഡി ഉന്നയിച്ചിട്ടുണ്ട്. കേസില്‍ ഏത് തരത്തിലുള്ള അന്വേഷണ രീതി വേണമെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്നാണ് നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
