ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ക്കെതിരെ റിയല്‍ സിങ്കം: മഹാരാഷ്ട്രയില്‍ തരംഗമായി തുകറാം മുന്ധെ ഐഎഎസ്

AUGUST 6, 2026, 2:11 AM

മുംബൈ: മഹാരാഷ്ട്രയിലെ ഭക്ഷ്യമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നേറുകയാണ് ഭക്ഷ്യ-ഔഷധ ഭരണകൂടം കമ്മിഷണര്‍ തുകറാം മുന്ധെ ഐഎഎസ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ പിന്തുണ നേടിയ അദ്ദേഹം, മുംബൈ തെരുവുകളിലെ തട്ടുകടകള്‍ മുതല്‍ ആഡംബര ഫുഡ് ക്ലബ്ബുകള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ പക്ഷഭേദമില്ലാതെ പരിശോധന തുടരുകയാണ്.

ശുചിത്വമില്ലായ്മയും നിയമലംഘനങ്ങളും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന മുന്ധെയുടെ നിലപാടുകള്‍ക്ക് മുന്നില്‍ ചെറുകിട കച്ചവടക്കാരെന്നോ വന്‍കിട ബിസിനസുകാരെന്നോ ഉള്ള വ്യത്യാസങ്ങളില്ല. എഫ്ഡിഎ കമ്മിഷണറായി ചുമതലയേറ്റ ശേഷം ദിവസം ശരാശരി ഇരുപതിലധികം പരിശോധനകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനോടകം 50 കോടി രൂപയുടെ വ്യാജവും അശാസ്ത്രീയവുമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 56 ല്‍ അധികം റെസ്റ്റോറന്റുകളുടെ ലൈസന്‍സ് റദ്ദാക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

ഗുഡ്ക സിന്‍ഡിക്കേറ്റുകള്‍ക്കെതിരെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കുന്നത്. സിന്തറ്റിക് പാല്‍, വ്യാജ പനനീര്‍ എന്നിവയ്ക്കെതിരെയും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. തുടര്‍ച്ചയായ പരിശോധനകളെയും സസ്പെന്‍ഷനുകളെയും തുടര്‍ന്ന് റെസ്റ്റോറന്റ് ഉടമകള്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. കേസ് പരിഗണിക്കുന്നതിനിടയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗൂഗെ, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ച്, ഇത്തരത്തിലുള്ള നിയമനടപടികള്‍ സ്വകാര്യ റെസ്റ്റോറന്റുകളെ മാത്രം ലക്ഷ്യമിട്ടാണോ നടപ്പാക്കുന്നത് എന്ന സംശയം ഉന്നയിക്കുകയുണ്ടായി.

സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിയമങ്ങള്‍ ഒരുപോലെ ബാധകമാണെന്ന് കോടതി വ്യക്തമാക്കിയതോടെ, ഏതൊരു സ്ഥാപനവും ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടില്ലെന്നും പരിശോധന വിപുലീകരിക്കുമെന്നും തുകറാം മുന്ധെ ഉറപ്പുനല്‍കി. തുടര്‍ന്ന് ബോംബെ ഹൈക്കോടതി സമുച്ചയത്തിലെ കാന്റീനുകളില്‍ നേരിട്ടെത്തിയ എഫ്ഡിഎ ഉദ്യോഗസ്ഥരുടെ സംഘം അവിടെയും പരിശോധന നടത്തി. മൂന്ന് കാന്റീനുകളില്‍ രണ്ടെണ്ണത്തിനും ആവശ്യമായ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ പൂട്ടിക്കുകയും പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്തു.

ലൈസന്‍സുള്ള മൂന്നാമത്തെ കാന്റീന് ശുചിത്വക്കുറവിന്റെ പേരില്‍ നോട്ടീസ് നല്‍കുകയും ചെയ്തു. മന്ത്രാലയം കാന്റീനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും കാന്റീനുകളിലേക്ക് പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ എഫ്ഡിഎ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷക കുടുംബത്തില്‍ നിന്ന് വളര്‍ന്നുവന്ന തുകറാം മുന്ധെ തന്റെ കര്‍ക്കശമായ ഭരണശൈലിയാലും അഴിമതിവിരുദ്ധ നിലപാടുകളാലും നേരത്തെ തന്നെ മാധ്യമശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ്. ജനക്ഷേമ മുന്‍ഗണന മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ ജനങ്ങളുടെ ഓഫീസര്‍, യുവത്വത്തിന്റെ ഐക്കണ്‍, മഹാരാഷ്ട്രയുടെ വാട്ടര്‍മാന്‍ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.

നയങ്ങളിലും തത്ത്വങ്ങളിലും വിട്ടുവീഴ്ച ചെയ്യാത്ത കര്‍ശന നിലപാടുകള്‍ കാരണം 21 വര്‍ഷത്തെ സര്‍വീസിനിടയില്‍ 25-ഓളം തവണ സ്ഥലംമാറ്റം നേരിടേണ്ടി വന്നെങ്കിലും, ചുമതലയേല്‍ക്കുന്ന ഓരോ മേഖലയിലും വ്യക്തമായ മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam