ചെന്നൈ: ജനക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകി തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാരിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് ധനമന്ത്രി മാരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. സ്ത്രീകൾ, വിദ്യാർഥികൾ, കർഷകർ തുടങ്ങിയ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിന്റെ പ്രധാന ആകർഷണം.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന ജനകീയ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
വിവാഹിതരാകുന്ന യുവതികൾക്ക് എട്ട് ഗ്രാം സ്വർണ നാണയവും പട്ട് സാരിയും നൽകുന്ന പദ്ധതിക്ക് ബജറ്റിൽ 812 കോടി രൂപ വകയിരുത്തി. അതേസമയം, പ്ലസ് വൺ വിദ്യാർഥികൾക്ക് ബ്രാൻഡഡ് സൈക്കിൾ, ഹെൽമറ്റ്, വാട്ടർ ബോട്ടിൽ എന്നിവ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചു. ഇതിലൂടെ 5.32 ലക്ഷം വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
സാങ്കേതിക രംഗത്ത് വലിയ പ്രഖ്യാപനവും ബജറ്റിലുണ്ട്. രാജ്യത്തെ ആദ്യ എഐ ഇന്നോവേഷൻ സിറ്റി സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 'അറിവകം' എന്ന പേരിലുള്ള ഈ നഗരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ടെക് മേഖലകളുടെ വികസനത്തിന് കേന്ദ്രമാകുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.
സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 139 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്കും സാങ്കേതിക വികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
2036-ഓടെ തമിഴ്നാടിനെ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
