ചെന്നൈ: തമിഴ്‌നാടിന്‍റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു.മുഖ്യമന്ത്രി വിജയ്‍യുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ തത്വധിഷ്ഠിതമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള നിർണായക പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും വകയിരുത്തി. കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം ഉറപ്പാക്കാൻ ലാപ്ടോപ്പുകൾ നൽകുന്ന 'വെട്രി ലാപ്ടോപ്പ് പദ്ധതി'യും പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ താമസവും പഠനവും നൽകുന്ന പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കായി 125 കോടി രൂപയും നീക്കിവെച്ചു.10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന 'സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്' പദ്ധതിക്കായി 139 കോടി രൂപ അനുവദിച്ചു.
3,734 സർക്കാർ സ്കൂളുകൾ നവീകരിക്കുന്നതിനായി 300 കോടി രൂപ നീക്കിവെച്ചു.മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും 90 കോടി ചെലവിൽ 5 പുതിയ ഐ.ടി.ഐകളും ആരംഭിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം തിരികെ കൊണ്ടുവരണമെന്ന് ധനമന്ത്രി കേന്ദ്ര സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
ഗർഭിണികൾക്കായി എല്ലാ ജില്ലകളിലും പരിചരണകേന്ദ്രങ്ങൾ ആരംഭിക്കും. സൗജന്യ ഭക്ഷണവും വൈദ്യസഹായവും നൽകും. ഇതിനായി 23 കോടി രൂപ പ്രഖ്യാപിച്ചു. നവവധുവിന് സർക്കാർ സമ്മാനം നൽകും. ഒരു പവൻ സ്വർണവും പട്ടുസാരിയുമാണ് സമ്മാനിക്കുക. 812 കോടിയാണ് ഇതിനായി വകയിരുത്തിയത്. ഇലക്ട്രിക് വാഹനങ്ങളുടെ തകരാർ പരിഹരിക്കാൻ പരിശീലിപ്പിക്കുന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. 22,500 മെക്കാനിക്കുകൾക്ക് പരിശീലനം നൽകും. ഇതിനായി മൂന്ന് കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക കടം ഇരട്ടിയായ പശ്ചാത്തലത്തിൽ മദ്യ ഉത്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി 1,000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താനും ടെൻഡർ നടപടികൾ കൂടുതൽ സുതാര്യമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും, സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള ദ്രുത പ്രതികരണ സേനയും ഉൾപ്പെടെയുള്ള പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഘട്ടങ്ങളായി നടപ്പിലാക്കുമെന്നും ബജറ്റിൽ ഉറപ്പുനൽകുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
