കൊച്ചി: മുത്തങ്ങ അബ്ദുൽ സലാം വധശ്രമക്കേസിൽ കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിചാരണക്കോടതിയുടെ വിധിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് പ്രാഥമികമായി നിരീക്ഷിച്ച ഹൈക്കോടതി, ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
അന്തിമ വിധിയിൽ "പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നു" എന്ന് രേഖപ്പെടുത്തിയതാണ് ഹൈക്കോടതി പ്രധാനമായും ചോദ്യം ചെയ്തത്. അന്തിമവിധിയിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് പറയാനാകില്ലെന്നും, കുറ്റം പൂർണമായും തെളിയിക്കപ്പെട്ടതായിരിക്കണം രേഖപ്പെടുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. വിധിയിലെ ഓരോ ഭാഗവും പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ശിക്ഷാവിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. അപ്പീലിൽ സംസ്ഥാന സർക്കാരിനും മറുപടി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നിവരാണ് കേസിൽ വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പ്രതികൾ. ഇവരുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ ബുധനാഴ്ച ഹൈക്കോടതി വാദം കേൾക്കും. കേസിൽ പുനരന്വേഷണത്തിന് സിബിഐക്ക് അനുമതി നൽകുന്ന ഉത്തരവ് ഉണ്ടായിരുന്നില്ലെന്നും, അതിനാൽ സിബിഐ നടത്തിയ അന്വേഷണം നിയമപരമല്ലെന്നും പ്രതികൾ വാദിച്ചു. അധികാരമില്ലാതെ സിബിഐ അന്വേഷണം നടത്തിയ സാഹചര്യത്തിൽ കൽപ്പറ്റ സെഷൻസ് കോടതിയിലെ വിചാരണയും നിയമവിരുദ്ധമാണെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.
ഗൂഢാലോചന കുറ്റം മാത്രമായി നിലനിൽക്കാനാകില്ലെന്നും, സംഭവവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ കോടതി വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിച്ചെന്നും പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
