ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ നിര്‍ദ്ദേശത്തോടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി എന്ന തൊഴില്‍ രീതി പരീക്ഷണാടിസ്ഥാനത്തില്‍ സ്വയം സ്വീകരിച്ച് അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഒരു മാധ്യമപ്രവര്‍ത്തക.
ആഴ്ചയില്‍ ആറ് ദിവസം രാവിലെ 9 മുതല്‍ രാത്രി 9 വരെ ജോലി ചെയ്യുന്ന ഈ ക്രമം ഒരാഴ്ചക്കാലം പിന്തുടര്‍ന്നപ്പോള്‍ തന്റെ ശാരീരിക-മാനസിക ആരോഗ്യത്തിലും കുടുംബ ജീവിതത്തിലും ഉണ്ടായ കടുത്ത ആഘാതങ്ങളെക്കുറിച്ചാണ് ഇവര്‍ വ്യക്തമാക്കുന്നത്. സ്വന്തം പ്രവര്‍ത്തനക്ഷമത അളക്കുന്നതിനായി നടത്തിയ ഈ പരീക്ഷണം, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പാക്കിയാല്‍ വ്യക്തിജീവിതവും ആരോഗ്യവും പൂര്‍ണ്ണമായി തകരുമെന്ന നിഗമനത്തിലാണ് എത്തിനില്‍ക്കുന്നത്.
സാധാരണയായി ആഴ്ചയില്‍ അഞ്ചുദിവസം രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ ജോലി ചെയ്തിരുന്ന രീതി മാറ്റിയാണ് ഇവര്‍ ഈ പരീക്ഷണത്തിലേക്ക് കടന്നത്. ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ മികച്ച പ്രകടനവും ഉയര്‍ന്ന ഊര്‍ജ്ജസ്വലതയും പുലര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചു. താമസസ്ഥലത്തുനിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്കുള്ള യാത്രയിലുടനീളം വാര്‍ത്തകള്‍ പരിശോധിച്ചും സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയും ജോലി സമയം പരമാവധി പ്രയോജനപ്പെടുത്തി.
രണ്ടാം ദിവസം ഓഫീസില്‍ ആദ്യമെത്തിയ ഇവര്‍ ശാന്തമായി ജോലി പൂര്‍ത്തിയാക്കുകയും റിപ്പോര്‍ട്ടിംഗ് മാനേജരുടെ അഭിനന്ദനം പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ മൂന്നും നാലും ദിവസങ്ങളായതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാകാന്‍ തുടങ്ങി. കടുത്ത ക്ഷീണവും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉന്മേഷം വീണ്ടെടുക്കാന്‍ ഇടയ്ക്കിടെ ചായയെ ആശ്രയിക്കേണ്ടി വന്നു. ഇതിനൊപ്പം തോള്‍വേദന, കണ്ണുവേദന തുടങ്ങിയ ശാരീരിക പ്രയാസങ്ങളും ആരംഭിച്ചു. തുടര്‍ന്ന് അവസാന ദിവസങ്ങളില്‍ ഈ തൊഴില്‍ ക്രമം വ്യക്തി ജീവിതത്തെയും ബാധിച്ചു തുടങ്ങി. 18 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ ഇവര്‍ക്ക് കുഞ്ഞിനോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കാതെ വരികയും കുടുംബ ബന്ധങ്ങളില്‍ അകല്‍ച്ച രൂപപ്പെടുകയും ചെയ്തു.
ആറാം ദിവസമായപ്പോഴേക്കും ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. കടുത്ത തലവേദനയും കണ്ണ് വേദനയും കാരണം വേദനസംഹാരികള്‍ കഴിക്കേണ്ടി വരികയും, അകാരണമായ ദേഷ്യവും വിശപ്പില്ലായ്മയും ഉറക്കമില്ലായ്മയും ഇവരെ കടുത്ത പ്രയാസത്തിലാക്കുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളില്‍ കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും, തുടര്‍ച്ചയായി 72 മണിക്കൂര്‍ ജോലി ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തൊഴിലില്‍ ചെറിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചേക്കാമെങ്കിലും, വിലപ്പെട്ട ആരോഗ്യവും കുടുംബജീവിതവും പൂര്‍ണ്ണമായി നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം തൊഴില്‍ സംസ്‌കാരമെന്നാണ് മാധ്യമപ്രവര്‍ത്തക നല്‍കുന്ന അന്തിമ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
