ചെന്നൈ: വിവാദ പരാമർശക്കേസിൽ അറസ്റ്റിലായ ഡിഎംകെ എംഎൽഎ ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തഞ്ചാവൂർ പൊലീസ് നടത്തിയ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് നടപടി.
ഇതിനുമുമ്പ്, ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് പൊലീസിന് നിർദേശം നൽകിയിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി ഉദയനിധിയോട് ആവശ്യപ്പെട്ടു. പൊലീസ് റിമാൻഡ് ആവശ്യപ്പെടുന്നില്ലെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാമെന്നുമാണ് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചത്.
സ്ത്രീകളുടെ താൽപര്യ സംരക്ഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടത്തിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ഉദയനിധിയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിച്ചു.
ഇന്ന് രാവിലെയാണ് തഞ്ചാവൂർ പൊലീസ് ചെന്നൈയിലെ വസതിയിൽ നിന്ന് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗം നൽകിയ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും ഐടി നിയമത്തിലെ വ്യവസ്ഥകളും ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കാവേരി നദീജല പ്രശ്നവും കർഷകരുടെ വിഷയങ്ങളും സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് വിവാദത്തിന് വഴിവെച്ച സംഭവം. കാവേരി വിഷയത്തിൽ മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുകയാണെന്നും ഡിഎംകെക്കെതിരെ കള്ളക്കേസെടുക്കുന്നതാണ് സർക്കാരിന്റെ പ്രധാന ജോലിയെന്നും ഉദയനിധി ആരോപിച്ചതിന് പിന്നാലെ പ്രവർത്തകർ "തൃഷ... തൃഷ..." എന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് നടത്തിയ പരാമർശമാണ് പിന്നീട് വിവാദത്തിനും കേസിനും ആധാരമായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ദൃശ്യങ്ങൾ വൈറലായതോടെ ടിവികെയും വിജയ് ആരാധകരും ഉദയനിധിയുടെ പരാമർശത്തിൽ ദ്വയാർഥമുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. ടിവികെ വനിതാ വിഭാഗം നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കോൺഗ്രസും ബിജെപിയും ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഭവത്തിൽ ഉദയനിധിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, അറസ്റ്റിനെതിരെ ഡിഎംകെ പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രതിഷേധവും സംഘടിപ്പിച്ചു.
സംഭവത്തിൽ പ്രതികരിച്ച ഉദയനിധി, തന്റെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചതാണെന്ന് ആരോപിച്ചു. "തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കണമെന്നും കർഷകരെ വഞ്ചിക്കരുതെന്നും ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് ഞാൻ പ്രസംഗത്തിൽ പറഞ്ഞത്. ഞാൻ പറയാത്ത ഒരു ഭാഗം മുറിച്ചുമാറ്റി പ്രചരിപ്പിക്കുകയായിരുന്നു. ടിവികെ അധികാരത്തിലെത്തിയതുമുതൽ വ്യാജ കേസുകളും വ്യാജ പ്രചാരണങ്ങളും നടത്തുകയാണ്. കേസിനെ നിയമപരമായി നേരിടും. അറസ്റ്റിനെ ഭയപ്പെടുന്നില്ല," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
