പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത് ഒരു വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെന്നാണ് വിവരം. സുരേഷ് ബാബു മോശമായി പെരുമാറിയെന്ന് യുവതി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നൽകിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പരാതി ചർച്ചയ്ക്ക് എടുത്തതോടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനമെടുക്കുകയായിരുന്നു. സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതേസമയം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി എടുക്കാൻ സിപിഎം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കുമെന്നാണ് വിവരം. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക.
പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചു വരുത്തി പരാതി വായിച്ചു കേൾപ്പിക്കുകയായിരുന്നു. സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടുവെന്നാണ് പുറത്ത് വന്ന വിവരം. എന്നാൽ ലൈംഗിക പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് സൂചന.
ഇന്നലെയാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇഎൻ സുരേഷ് ബാബുവിനെ മാറ്റി പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയമിച്ചത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അതേസമയം പാലക്കാട്ടെ സിപിഐഎമ്മിൽ രൂക്ഷമായ വിഭാഗീയതയെന്ന് കഴിഞ്ഞ ദിവസം വിമർശനം ഉയർന്നിരുന്നു. സിപിഐഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. തൃത്താല, കോങ്ങാട് അടക്കമുള്ള മണ്ഡലങ്ങളിൽ സിപിഐഎമ്മിന്റെ തോൽവിക്ക് കാരണമായത് വിഭാഗീയതയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
