സൗദി പ്രോ ലീഗ് കിരീടത്തിലേക്ക് കൈയെത്തും ദൂരത്ത് നിൽക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അൽ നസറിനും അവിശ്വസനീയ തിരിച്ചടി. ചിരവൈരികളായ അൽ ഹിലാലിനെതിരായ നിർണ്ണായക പോരാട്ടത്തിൽ വിജയമുറപ്പിച്ചിരിക്കെ, ഇൻജുറി ടൈമിലെ 98-ാം മിനിറ്റിൽ ഗോൾകീപ്പർ ബെന്റോ വഴങ്ങിയ സെൽഫ് ഗോൾ അൽ നസറിന്റെ കിരീട ആഘോഷങ്ങൾ താൽക്കാലികമായി തടഞ്ഞു. ഇതോടെ സൗദി പ്രോ ലീഗ് കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയിരിക്കുകയാണ്.
മത്സരത്തിൽ 1-0 എന്ന നിലയിൽ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു അൽ നസർ. വിജയത്തോടെ ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലീഗ് കിരീടം ഉറപ്പിക്കാമെന്ന റൊണാൾഡോയുടെ സ്വപ്നങ്ങൾക്ക് അവസാന നിമിഷമാണ് തിരിച്ചടിയേറ്റത്. ബോക്സിലേക്ക് വന്ന ഒരു ലോംഗ് ത്രോ കൈപ്പിടിയിലൊതുക്കുന്നതിൽ ബ്രസീൽ ഗോൾകീപ്പർ ബെന്റോയ്ക്ക് പിണഞ്ഞ അബദ്ധം പന്ത് സ്വന്തം വലയിലെത്തിക്കുകയായിരുന്നു.
ഫൈനൽ വിസിലിന് പിന്നാലെ ഡഗ് ഔട്ടിൽ നിശ്ചലനായി ഇരിക്കുന്ന റൊണാൾഡോയുടെ ദൃശ്യങ്ങൾ ആരാധകരെയും വേദനിപ്പിച്ചു. 2023 ജനുവരിയിൽ സൗദിയിലെത്തിയ ശേഷം ഒരു പ്രധാന ആഭ്യന്തര കിരീടത്തിനായുള്ള 41-കാരനായ താരത്തിന്റെ കാത്തിരിപ്പ് ഇനിയും നീളും.
തിരിച്ചടി നേരിട്ടെങ്കിലും കിരീടപ്പോരാട്ടത്തിൽ ഇപ്പോഴും അൽ നസറിന് തന്നെയാണ് മുൻതൂക്കം.83 പോയിന്റുമായി അൽ നസർ പട്ടികയിൽ ഒന്നാമതാണ്.സീസണിലെ അവസാന മത്സരത്തിൽ ദമാക്കിനെ തോൽപ്പിച്ചാൽ റൊണാൾഡോയ്ക്കും സംഘത്തിനും കിരീടം സ്വന്തമാക്കാം.
ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുന്നതോടൊപ്പം അൽ നസർ അവസാന മത്സരത്തിൽ പരാജയപ്പെടുകയും ചെയ്താൽ മാത്രമേ അൽ ഹിലാലിന് കിരീടം നിലനിർത്താൻ സാധിക്കൂ.കണ്ണീരോടെയെങ്കിലും ടീമിനെ പ്രചോദിപ്പിച്ച് പോരാട്ടവീര്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് റൊണാൾഡോ ഇപ്പോൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
