ഐ.പി.എല്ലിൽ നിരവധി ആരാധകരുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. 5 തവണ ജേതാക്കളായ മുംബൈ ഇത്തവണ തോൽവിയോടെയാണ് സീസൺ തുടങ്ങിയത്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ 4 വിക്കറ്റിനാണ് പരാജയപ്പെട്ടത്. 156 റൺസ് പിന്തുടർന്ന ചെന്നൈ 5 പന്തുകൾ ബാക്കി നിർത്തി വിജയലക്ഷ്യം മറികടന്നു.
ജസ്പ്രീത് ബുമ്രയുടെ പരിക്കാണ് മുംബൈ ഇന്ത്യൻസിനെ അലട്ടുന്നത്. ചെന്നൈയ്ക്ക് എതിരെ നടന്ന മത്സരത്തിൽ പോലും ബുമ്രയുടെ അഭാവം പ്രകടമായിരുന്നു. ബോർഡർ - ഗവാസ്‌കർ ട്രോഫിയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടർന്ന് ഈ വർഷം ജനുവരി മുതൽ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലും ബുമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ബി.സി.സി.ഐയുടെ മെഡിക്കൽ ടീം 5 ആഴ്ച വിശ്രമമാണ് ബുമ്രയ്ക്ക് നിർദ്ദേശിച്ചിരുന്നത്.
ബുമ്രയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകനായ മഹേല ജയവർധന പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഈ ഐ.പി.എല്ലിൽ എപ്പോൾ തിരിച്ചെത്തുമെന്ന് കൃത്യമായി തിയതി വ്യക്തമാക്കിയിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാഡമി അദ്ദേഹത്തിന്റെ തിരിച്ചുവരവ് സമയപരിധി നിശ്ചയിച്ചിട്ടില്ല. അസിസ്റ്റന്റ് കോച്ച് പരാസ് മാംബ്രെ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ബുമ്ര പരിക്കിൽ നിന്ന് മോചിതനായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.സി.എയിൽ അദ്ദേഹം ഫിറ്റ്‌നസ് മികച്ച രീതിയിൽ വീണ്ടെടുക്കുകയാണ്. അദ്ദേഹം എപ്പോൾ തിരികെവരും എന്ന് ഇപ്പോൾ പറയാനാകില്ല. അക്കാര്യത്തിൽ ടീം മാനേജ്‌മെന്റും എൻ.സി.എയുമാണ് തീരുമാനമെടുക്കേണ്ടത്. മുംബൈയുടെ വിജയങ്ങളിൽ ബുമ്ര അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തെ തിരികെ ടീമിലെത്തിക്കണം. എന്നാൽ, അത് പരിക്കിൽ നിന്ന് പൂർണമായും മുക്തനായ ശേഷം മാത്രം മതിയെന്നും പരാസ് മാംബ്രെ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്