ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ കളിക്കില്ലെന്ന വാർത്തകൾ വന്നിരുന്നു. ഇക്കാര്യം രോഹിത് തന്നെ പറഞ്ഞിരുന്നു. ആദ്യ മത്സരം കളിക്കുമോ എന്ന് ഉറപ്പില്ലെന്ന് രോഹിത് ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് അദ്ദേഹം വിട്ടുനിൽക്കുന്നത്. വൈസ് ക്യാപ്ടൻ ജസ്പ്രിത് ബുമ്ര ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കും.
ഇപ്പോൾ ഇക്കാര്യത്തോട് പ്രതികരിക്കുകയാണ് മുൻ ഇന്ത്യൻ താരവും നിലവിൽ കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ആദ്യ രണ്ട് ടെസ്റ്റിൽ ബുമ്രയാണ് നയിക്കുന്നതെങ്കിൽ മുഴുവൻ മത്സരത്തിലും അദ്ദേഹം ക്യാപ്ടനാവണമെന്നാണ് ഗവാസ്‌കർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ... ''ആദ്യ ടെസ്റ്റ് മത്സരം കളിക്കുക എന്നത് ക്യാപ്ടനെ സംബന്ധിച്ച് പ്രധാനമാണ്. രോഹിത്തിന് പരിക്കേൽക്കുന്നത് പോലെയല്ല കാര്യങ്ങൾ. അല്ലാത്ത കാരണങ്ങൾ കൊണ്ട് അദ്ദേഹം ലഭ്യമല്ലെങ്കിൽ, വൈസ് ക്യാപ്ടൻ കടുത്ത സമ്മർദ്ദത്തിലാകും. രോഹിത് എപ്പോൾ തിരിച്ചെത്തിയാലും ഒരു കളിക്കാരനായി മാത്രമേ ടീമിനൊപ്പം ചേരാവൂ.'' ഗവാസ്‌കർ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ കുറിച്ചും ഗവാസ്‌കർ സംസാരിച്ചു. ''ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയയെ 4-0ന് തോൽപ്പിക്കാൻ ഇന്ത്യക്ക് കഴിയില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെക്കുറിച്ച് പറയരുത്. ഇനി ഓസ്‌ട്രേലിയയിൽ പരമ്പര നേടാനുള്ള ശ്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 1-0, 2-0, 3-0, 3-1, 2-1 എന്ന സ്‌കോറിന് വിജയിച്ചാലും കാര്യമാക്കേണ്ടതില്ല. കളിക്കുക, ജയിക്കുക.'' ഗവാസ്‌കർ പറഞ്ഞു.
ടെസ്റ്റ് പരമ്പരക്കിടയിൽ ഓസ്‌ട്രേലിയ എ ടീമുമായോ ക്യൂൻസ്ലാൻഡ് ടീമുമായോ എങ്കിലും സന്നാഹമത്സരം കളിക്കേണ്ടതുണ്ടെന്നും ഇതുവഴി ഓസ്‌ട്രേലിയൻ പിച്ചുകളുടെ ബൗൺസും പേസും മനസിലാക്കാനും അതുമായി പൊരുത്തപ്പെടാനും യുവതാരങ്ങൾക്ക് അവസരം കിട്ടുമെന്നും ഗവാസ്‌കർ പറഞ്ഞു.
22ന് ആണ് ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് പെർത്തിൽ തുടങ്ങുക. 10, 11 തിയതികളിലാണ് ഇന്ത്യൻ ടീം രണ്ട് സംഘങ്ങളായി ഓസ്‌ട്രേലിയയിലേക്ക് തിരിക്കുക. നിലവിൽ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യ എ ടീമിന്റെ ഭാഗമായുള്ള ടെസ്റ്റ് ടീം അംഗങ്ങൾ ഓസ്‌ട്രേലിയയിൽ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്