ജിറോണ എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ലാലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. കൗമാരതാരം ലമീൻ യമാൽ ഇരട്ടഗോളുമായി തിളങ്ങി. ഡാനി ഒൽമോ, പെഡ്രി എന്നിവരും വലകുലുക്കി. ക്രിസ്റ്റിയൻ സ്റ്റുവാനി ജിറോണക്കായി ആശ്വാസ ഗോൾ നേടി. ജയത്തോടെ 15 പോയന്റുമായി ബാഴ്‌സലോണ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനം നിലനിർത്തി. 11 പോയന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാമത്.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബാഴ്‌സ ജിറോണ ബോക്‌സിലേക്ക് നിരന്തരം ഇരമ്പിയെത്തി. 30-ാം മിനിറ്റിൽ ലമീൻ യമാൽ ആദ്യ ഗോൾ നേടി. ജിറോണ പ്രതിരോധപിഴവിൽ ലഭിച്ച പന്തുമായി മുന്നേറിയ 17കാരൻ കൃത്യമായി ഫിനിഷ് ചെയ്തു. ഏഴ് മിനിറ്റിന് ശേഷം രണ്ടാമതും വലകുലുക്കി. ക്ലിയർ ചെയ്ത പന്ത് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് ഉതിർത്ത ഷോട്ട് ഗോൾകീപ്പറെ കബളിപ്പിച്ച് വലയിൽ കയറി.
ആദ്യ പകുതിയിൽ നിർത്തിയിടത്ത് നിന്ന് രണ്ടാം പകുതി ആരംഭിച്ച കറ്റാലൻ ക്ലബ് രണ്ടാം മിനിറ്റിൽ തന്നെ ലീഡ് മൂന്നാക്കി ഉയർത്തി. ഇത്തവണ ഡാനി ഒൽമോയാണ് ഗോൾ സ്‌കോർ ചെയ്തത്. ഇതോടെ തുടർച്ചയായി മൂന്നാം മത്സരത്തിലാണ് ഒൽമോ ലക്ഷ്യംകണ്ടത്. 64-ാം മിനിറ്റിൽ പെഡ്രിയും ഗോൾ നേടി പട്ടിക പൂർത്തിയാക്കി. ഹാൻസി ഫ്‌ളിക്ക് പരിശീലന ചുമതലയേറ്റെടുത്ത ശേഷം തോൽവിയറിയാതെ മുന്നേറുന്ന ക്ലബ് ഇതുവരെ 17 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്