ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്‌ട്രേലിയ - അഫ്ഗാനിസ്ഥാൻ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ലാഹോർ, ഗദ്ദാഫി സ്റ്റേഡിയത്തിൽ അഫ്ഗാൻ ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 109 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്.
പിന്നീട് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ഇരുവരും ഓരോ പോയിന്റുകൾ വീതം പങ്കിട്ടു. നാല് പോയിന്റുമായി ഓസീസ് സെമി ഫൈനൽ ഉറപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. ഇതിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു മത്സരം ബാക്കിയുണ്ട്. അവർക്ക് ഇംഗ്ലണ്ടിനെ തോൽപ്പിക്കാനായാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി കളിക്കാം. അഫ്ഗാന് കുറഞ്ഞ നെറ്റ് റൺറേറ്റാണുള്ളത്.
മറുപടി ബാറ്റിംഗിൽ മാത്യൂ ഷോർട്ടിന്റെ (20) വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. അഞ്ച് ഓവർ പൂർത്തിയാവും മുമ്പ് 44 റൺസ് കൂട്ടിചേർത്താണ് ഷോർട്ട് മടങ്ങിയത്. അസ്മതുള്ളയുടെ പന്തിൽ ഗുൽബാദിൻ നെയ്ബിന് ക്യാച്ച്. സഹ ഓപ്പണർ ട്രാവിസ് ഹെഡ് 40 പന്തിൽ 59 റൺസുമായി ക്രീസിലുണ്ടായിരുന്നു. സ്റ്റീവൻ സ്മിത്ത് (19) ഹെഡിന് കൂട്ടുണ്ടായിരുന്നു. ഇതിനിടെയാണ് മഴയെത്തിയത്. അപ്പോൾ 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തിരുന്നു ഓസീസ്.
നേരത്തെ സെദിഖുള്ള അദൽ (85), അസ്മതുള്ള ഒമർസായ് (67) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് അഫ്ഗാനിസ്ഥാാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഓസീസിന് വേണ്ടി ബെൻ ഡ്വാർഷുയിസ് മൂന്നും സ്‌പെൻസർ ജോൺസൺ, ആഡം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, അഫ്ഗാന് ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുർബാസിന്റെ (0) വിക്കറ്റ് നഷ്ടമായി. പിന്നീട് ഇബ്രാഹിം സദ്രാൻ (22) - അദൽ സഖ്യം 67 റൺസ് കൂട്ടിചേർത്തു. തുടർന്നെത്തിയ റഹ്മത്ത് ഷാ (12), ഹഷ്മതുള്ള ഷഹീദി (2), മുഹമ്മദ് നബി (1), ഗുൽബാദിൻ (4) എന്നിവർ വന്നത് പോലെ മടങ്ങി.
പിന്നീട് റാഷിദ് ഖാൻ (19) - അസ്മതുള്ള സഖ്യം 36 റൺസ് കൂട്ടിചേർത്തു. വാലറ്റക്കാരൻ നൂർ അഹമ്മദിനെ (6) കൂട്ടുപിടിച്ച് അസ്മതുള്ള നടത്തിയ പോരാട്ടമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 63 പന്തുകൾ നേരിട്ട താരം അഞ്ച് സിക്‌സും ഒരു ഫോറും നേടി. അവസാന ഓവറിൽ അസ്മതുള്ള മടങ്ങി. ഫസൽഹഖ് ഫാറൂഖി (0) പുറത്താവാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്