റാവല്‍പിണ്ടി: 30 വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാന്‍ ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയായത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം എന്ന നാണക്കേടുമായി ടീം പുറത്തായി. ബംഗ്ലാദേശിനും പിന്നിലായിരുന്നു ഫിനിഷ്. പാകിസ്ഥാന്റെ ബാറ്റിംഗ് നിരയാണ് ഈ തോല്‍വിയുടെ ഭാരം മുഴുവന്‍ ഏറ്റുവാങ്ങുന്നത്. പാക് ബാറ്റിംഗ് നിരയിലെ നെടുന്തൂണായ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഏറെ വിമര്‍ശനമാണ് നേരിടുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ബാബറിന്റെ മെല്ലെപ്പോക്കാണ് ടീമിനെ പരാജയത്തിലേക്ക് നയിച്ചതെന്ന് മുതിര്‍ന്ന ക്രിക്കറ്റര്‍മാര്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യക്കെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും 23 റണ്‍സില്‍ ബാബര്‍ വിക്കറ്റ് വലിച്ചെറിഞ്ഞെന്നും കുറ്റപ്പെടുത്തലുണ്ട്.
ഈ സാഹചര്യത്തില്‍ ബാബറിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്.
'9 സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളും ഉള്ള അദ്ദേഹത്തിന്റെ ടെസ്റ്റ് ശരാശരി 44.5 ആണ്. 19 സെഞ്ചുറികളും 32 അര്‍ധസെഞ്ചുറികളും സഹിതം 56.72 ആണ് ഏകദിന ശരാശരി. ടി20യില്‍ അദ്ദേഹത്തിന് 41 റണ്‍സ് ശരാശരിയുണ്ട്, സ്ട്രൈക്ക് റേറ്റ് 129 ആണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഈ സ്ഥിതിവിവരക്കണക്കുകള്‍ പാകിസ്ഥാനില്‍ ഏതെങ്കിലും ഒരു കളിക്കാരന്‍ മറികടന്നിട്ടുണ്ടോ എന്ന് ആരെങ്കിലും എന്നോട് പറയൂ,' സല്‍മാന്‍ ബട്ട് പറഞ്ഞു.
മാച്ച് വിന്നര്‍മാരാണെന്ന് പറയാന്‍ ശ്രമിക്കുന്ന കളിക്കാരെല്ലാം കൂടി എത്ര മത്സരങ്ങള്‍ വിജയിച്ചുവെന്ന് നോക്കണമെന്നും ബാബര്‍ അതിനേക്കാളധികം മല്‍സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും ബട്ട് പറഞ്ഞു.
പാകിസ്ഥാന്‍ ടീമിനെ ഇന്ത്യയുമായി താരതമ്യം ചെയ്യരുതെന്നും ബട്ട് പറഞ്ഞു. 'ബുദ്ധിയോടെ സംസാരിക്കുക. നിങ്ങള്‍ക്ക് ഒരു കോലിയോ വില്യംസണോ ഇല്ല. ബാബര്‍ കോലിയല്ല. എന്നാല്‍ ബാബറാണ് നമുക്കുള്ളതില്‍ ഏറ്റവും മികച്ചത്,'' ബട്ട് പറഞ്ഞു. കോഹ്ലിക്കും ഫോമില്‍ ഇടിവ് വന്നിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മ, എംഎസ് ധോണി പോലെയുള്ള വലിയ കളിക്കാരും മാച്ച് വിന്നര്‍മാരുമാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. ബാബറിനൊപ്പം ആരുണ്ടെന്നും സല്‍മാന്‍ ബട്ട് ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്