മഡ്രിഡ്: കോപ്പ ഡെല്‍ റേ സെമി ഫൈനലില്‍ ബാഴ്സലോണ-അത്‌ലറ്റികോ മാഡ്രിഡ് ആദ്യപാദ മത്സരം സമനിലയില്‍ അവസാനിച്ചു. ബാഴ്‌സലോണയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും നാല് ഗോള്‍ വീതം നേടി പിരിയുകയായിരുന്നു.
ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിലാണ് അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തില്‍ സമനില പിടിച്ചത്. പെഡ്രി, പാവു കുബാർസി, ഇനിഗോ മാർട്ടിനെസ്, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണ് ബാഴ്സക്കായി ഗോള്‍ നേടിയത്.
ജൂലിയൻ അല്‍വാരസ്, അന്‍റോണിയോ ഗ്രീസ്മാൻ, മാർകോസ് ലോറന്‍റെ, അലക്സാണ്ടർ സോർലോത്ത് എന്നിവരാണ് അത്‍ലറ്റികോയുടെ സ്കോറർമാർ. ഏപ്രിലിലാണ് രണ്ടാംപാദ മത്സരം നടക്കുക.
മത്സരം തുടങ്ങി 50ാം സെക്കൻഡില്‍തന്നെ അത്‌ലറ്റികോ ബാഴ്സയ്ക്കെതിരെ ഗോള്‍ നേടി ലീഡുയർത്തി. മുൻ മാഞ്ചസ്റ്റർ സിറ്റി താരം അല്‍വാരസാണ് ടീമിന് ലീഡ് നേടികൊടുത്തത്. തുടർന്ന് ആറാം മിനിറ്റില്‍ മുൻ ബാഴ്സ താരം കൂടിയായ ഗ്രീസ്മാൻ കൂടി ഗോള്‍ നേടിയതോടെ വീണ്ടും ലീഡുയർന്നു.
തുടക്കത്തിലെ തിരിച്ചടിയില്‍നിന്ന് ബാഴ്സ പതിയ മത്സരത്തിലേക്ക് തിരിച്ചെത്തി. 19ാം മിനിറ്റില്‍ പെഡ്രിയിലൂടെ ബാഴ്സ ഒരു ഗോള്‍ മടക്കി. 21ാം മിനിറ്റില്‍ കുബാർസിയുടെ ഹെഡ്ഡർ ഗോളിലൂടെ ബാഴ്സ മത്സരത്തില്‍ ഒപ്പമെത്തി. 41ാം മിനിറ്റില്‍ മറ്റൊരു ഹെഡ്ഡർ ഗോളിലൂടെ ഇനിഗോ മാർട്ടിനെസ് ബാഴ്സയെ മുന്നിലെത്തിച്ചു. ബ്രസീല്‍ താരം റാഫിഞ്ഞയാണ് രണ്ടു ഗോളുകള്‍ക്കും അസിസ്റ്റ് നല്‍കിയത്.
ആദ്യ പകുതിക്ക് ശേഷം ഇരു ടീമുകളും പിരിഞ്ഞപ്പോള്‍ 3-2 എന്ന സ്കോർ നിലയിലായിരുന്നു. എന്നാല്‍ 74ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലെത്തിയ ലെവൻഡോവ്സ്കിയും വലകുലുക്കിയതോടെ വിജയം ബാഴ്സക്കൊപ്പമെന്ന് ഉറപ്പിച്ചു. എന്നാല്‍, 84ാം മിനിറ്റില്‍ ലോറന്‍റെയുടെ ഗോളിലൂടെ അത്‌ലറ്റികോ ഒരു ഗോള്‍ മടക്കി. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റില്‍ (90+3) പകരക്കാരൻ സോർലോത്താണ് സന്ദർശകർക്ക് നാടകീയ സമനില നേടി കൊടുത്തത്. വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ കരുത്തരായ റയല്‍ മഡ്രിഡ്, റയല്‍ സോസിഡാഡുമായി ഏറ്റുമുട്ടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്