കഴിഞ്ഞ മൂന്ന് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേഓഫിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണിൽ പ്ലേഓഫിലെത്താതെ പുറത്താകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി മഹാദ്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ മഞ്ഞപ്പടക്ക് ആദ്യ ആറിൽ ഇടം പിടിക്കാൻ സാധിക്കൂ. മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ പരിശീലകനെ പോലും പാതിവഴിയിൽ വെച്ച് പുറത്താക്കേണ്ടി വന്ന സീസൺ കേരള ബ്ലാസ്റ്റേഴ്സിന് ഓർക്കാൻ ഒന്നും തന്നെ സമ്മാനിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.
ഈ സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സമൂലമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സൂചന. ക്ലബ്ബിന്റെ മാർക്കറ്റിംഗ് വിഭാഗത്തിൽ മാറ്റങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. അടുത്ത സീസണിൽ പരിശീലക സ്റ്റാഫിലും മാറ്റം ഉണ്ടാകും. മൈക്കൽ സ്റ്റാറിനെ നേരത്തെ പുറത്താക്കിയതിന് ശേഷം താൽക്കാലിക പരിശീലകരുടെ കീഴിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. 2025-26 സീസണിന് മുമ്പ് പുതിയ വിദേശ പരിശീലകൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ സ്ക്വാഡിലുള്ള ചില കളിക്കാർ അടുത്ത സീസണിൽ മഞ്ഞപ്പടക്ക് ഒപ്പം കാണില്ല. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ക്ലബ്ബ് വിട്ടേക്കുമെന്ന് അതിനിടെ അഭ്യൂഹമുണ്ടെങ്കിലും ഇതിൽ സത്യമില്ലെന്നാണ് സൂചനകൾ. ടീമിൽ നിന്ന് ഒഴിവാക്കപ്പെടുക ആരൊക്കെയായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ സൂചനകളൊന്നും വന്നിട്ടില്ലെങ്കിലും ഈ സീസണ് ശേഷം കരാർ കാലാവധി അവസാനിക്കുന്ന താരങ്ങളുടെ കോണ്ട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.
കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന പ്രധാന താരങ്ങളിൽ ഒരാൾ ക്വാമെ പെപ്രയാണ്. നിലവിൽ രണ്ട് വിദേശ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലുണ്ട്. ജെസ്യൂസ് ജിമെനസും, നോഹ സദൗയിയും. ഇവർക്ക് 2026 വരെ മഞ്ഞപ്പടയുമായി കരാറുണ്ട്. ഇന്ത്യൻ മുന്നേറ്റ താരം ഇഷാൻ പണ്ഡിതയുമായുള്ള കരാറും കേരള ബ്ലാസ്റ്റേഴ്സ് പുതുക്കാൻ സാധ്യത കുറവാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്