ന്യൂഡെല്‍ഹി: ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന് സമയപരിധി നിശ്ചയിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് കരാര്‍ യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനം. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ന്യൂഡെല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയനും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായ ഇന്ത്യ, വ്യാപാര ബന്ധങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന് പുറമെ സ്വതന്ത്ര വ്യാപാര ഉടമ്പടികള്‍ സ്ഥാപിക്കുന്നതിനായി, യുകെ ഉള്‍പ്പെടെ മറ്റ് നിരവധി രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ താരിഫുകളുടെ ആഘാതം മയപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനും ആഗോളതലത്തില്‍ മിക്ക രാജ്യങ്ങളും ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാര കരാര്‍ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. ഒരു ദശാബ്ദത്തിനുമുമ്പ് ഇതിനായി ഒരു ശ്രമം നടന്നിരുന്നു, എന്നാല്‍ 2013-ല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചു. 2021 ല്‍ ആരംഭിച്ച പരിശ്രമമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തിരിക്കുന്നത്.
വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നവീകരണം, ഹരിത വളര്‍ച്ച, സുരക്ഷ, വൈദഗ്ധ്യം, മൊബിലിറ്റി എന്നീ മേഖലകളിലെ സഹകരണത്തിനായി ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധങ്ങളുടെ നിബന്ധനകള്‍ ചര്‍ച്ച ചെയ്യുന്ന ഉദ്യോഗസ്ഥരോട് ഈ വര്‍ഷാവസാനത്തോടെ കരാര്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഇന്തോ-പസഫിക് മേഖലയിലും ആഫ്രിക്കയിലും സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി ത്രികോണ വികസന പദ്ധതികളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും,' സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി പങ്കിട്ട ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കാഴ്ചപ്പാട് എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
സമഗ്രമായ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാറിനെ സ്വഗതം ചെയ്ത യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ചര്‍ച്ചകളില്‍ 'ഗ്രീന്‍ ടെക് മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെ, അര്‍ദ്ധചാലകങ്ങള്‍ മുതല്‍ ഗ്രീന്‍ ഹൈഡ്രജനും പ്രതിരോധവും വരെ' എല്ലാം ഉള്‍പ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്