റാഞ്ചിയിലെ ജെഎസ്സിഎ ഗ്രൗണ്ടിൽ നടന്ന വിജയ് ഹസാരെ ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരെ റൺമല തീർത്ത് ബിഹാർ ചരിത്രം കുറിച്ചു. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 574 റൺസെടുത്ത ബിഹാർ, ലിസ്റ്റ്എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോക റെക്കോർഡ് സ്വന്തമാക്കി. അരുണാചൽ പ്രദേശ് വെറും 177 റൺസിന് പുറത്തായി. ബിഹാർ 397 റൺസിന്റെ കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്.
2022ൽ ഇതേ എതിരാളികൾക്കെതിരെ തമിഴ്‌നാട് കുറിച്ച 506/2 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 84 പന്തിൽ 190 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ ഇന്നിംഗ്‌സിന് പുറമെ 56 പന്തിൽ 116 റൺസെടുത്ത ആയുഷ് ലോഹരുക്കയും 40 പന്തിൽ 128 റൺസ് വാരിക്കൂട്ടിയ ക്യാപ്ടൻ എസ്. ഗാനിയും ബിഹാർ നിരയിൽ സംഹാരരൂപം പൂണ്ടു.
ബിഹാറിനായി ഓപ്പണറായി ഇറങ്ങിയ വൈഭവ് 36 പന്തിൽ സെഞ്ചുറി നേടിയാണ് റെക്കോർഡിട്ടത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 10 ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു പതിനാലുകാരനായ വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി. എന്നാൽ വൈഭവിന്റെ റെക്കോർഡ് പ്രകടനത്തിന് പിന്നിലാണ് ബിഹാറിന്റെ ക്യാപ്ടൻ 320 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ക്യാപ്ടൻ ഗാനിയുടെ ബാറ്റിംഗ് പ്രകടനം. 32 പന്തിൽ സെഞ്ച്വറി നേടി ഗാനി ലിസ്റ്റ് എയിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടി.
2024ലെ വിജയ് ഹസാരെ ട്രോഫിയിൽ അരുണാചലിനെതിരെ 35 പന്തിൽ സെഞ്ചുറി തികച്ച പഞ്ചാബ് താരം അൻമോൽപ്രീത് സിംഗിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡ്.
40 പന്തിൽ സെഞ്ചുറി തികച്ച യൂസഫ് പത്താൻ, 42 പന്തിൽ സെഞ്ചുറി തികച്ച അഭിഷേക് ശർമ എന്നിവരെയാണ് വൈഭവ് ഇന്ന് പിന്നിലാക്കിയത്. അതേസമയം, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോർഡ് ഓസ്‌ട്രേലിയൻ താരം ജേക്ക് ഫ്രേസർ മക്ഗുർകിന്റെ പേരിലാണ്. 2023ൽ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്‌ട്രേലിയക്കായി 29 പന്തിലാണ് മക്ഗുർഗ് സെഞ്ചുറിയിലെത്തി അതിവേഗ സെഞ്ചുറിയുടെ റെക്കോർഡിട്ടത്. 31 പന്തിൽ സെഞ്ചുറി തികച്ച എ ബി ഡിവില്ലിയേഴ്‌സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം.
ഓവറിൽ ശരാശരി 11.48 റൺസ് എന്ന നിലയിലായിരുന്നു ബിഹാറിന്റെ കുതിപ്പ്. ഈ തകർപ്പൻ പ്രകടനം ബിഹാർ ക്രിക്കറ്റിന് വലിയൊരു നാഴികക്കല്ലാകുമ്പോഴും, അരുണാചൽ പ്രദേശ് പോലുള്ള ദുർബലമായ ബോളിംഗ് നിരകൾക്കെതിരെ ആഭ്യന്തര ക്രിക്കറ്റിൽ ഉണ്ടാകുന്ന ഇത്തരം വലിയ സകോറുകൾ ടൂർണമെന്റിലെ സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
