ചെന്നൈ: ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം, ത്രിഭാഷാ നയം എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സര്‍വകക്ഷിയോഗം വിളിച്ചു. 45 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് മാര്‍ച്ച് 5 ന് നടക്കുന്ന യോഗത്തിലേക്ക് ക്ഷണം.
തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷമായ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഡിഎംകെ) ഡിഎംകെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നത് ശ്രദ്ധേയമാണ്.
ചെന്നൈയില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ രണ്ട് പ്രതിനിധികള്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി നിലപാട് വിശദീകരിക്കുമെന്നും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ പട്ടാളി മക്കള്‍ കക്ഷിയും (പിഎംകെ) യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്റ് നിയോജക മണ്ഡലം പുനര്‍നിര്‍ണ്ണയം നടത്തുമ്പോള്‍ സംസ്ഥാനത്ത് സീറ്റുകള്‍ കുറയുമെന്ന ആശങ്കയിലാണ്.
ശക്തമായ എതിര്‍പ്പ് ചൂണ്ടിക്കാട്ടി യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് ബിജെപി മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നല്‍കി.
മുഖ്യമന്ത്രിയുടെ ആശങ്കകളെ ചോദ്യം ചെയ്തുകൊണ്ട്, 'എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ തമിഴ്നാട്ടിലെ പാര്‍ലമെന്റ് സീറ്റുകള്‍ കുറയ്ക്കുമെന്ന് അവകാശപ്പെടുന്നത്? ആരാണ് ഈ വിവരം നല്‍കിയത്? ഉറവിടം വെളിപ്പെടുത്തിയാല്‍, ഞങ്ങളുടെ നിലപാട് പുനഃപരിശോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്' എന്ന് ബിജെപി കത്തില്‍ പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയം നടത്തുമ്പോള്‍ തമിഴ്‌നാട്ടിലെ സീറ്റുകളുടെ എണ്ണം നിലവിലെ 39 ല്‍ നിന്ന് 31 ആയി കുറയുമെന്നും എട്ട് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ നഷ്ടപ്പെടുമെന്നുമാണ് സ്റ്റാലിന്‍ അവകാശപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്