വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ അനുസ്മരണ ചടങ്ങ് ഞായറാഴ്ചയായിരുന്നു. ഇലോണ്‍ മസ്‌ക് അടക്കമുള്ള പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്ക് ആഗോള ശ്രദ്ധ ലഭിച്ചതോടെ ചടങ്ങില്‍ നിന്നുള്ള നിരവധി വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, കിര്‍ക്കിനുവേണ്ടിയുള്ള അനുസ്മരണ ഗാനത്തിനിടെ ട്രംപിന്റെ 'വിചിത്രമായ നൃത്തം' എന്ന തലക്കെട്ടോടെ പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 10-ന് യൂട്ടായില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് 31-കാരനായ കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.
അരിസോണയിലെ ഗ്ലെന്‍ഡേലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് കിര്‍ക്കിന്റെ അനുസ്മരണ ചടങ്ങ് നടന്നത്. വേദിയില്‍ കിര്‍ക്കിന്റെ വിധവയായ എറിക്ക കിര്‍ക്കിനൊപ്പം നില്‍ക്കവെയാണ് ട്രംപ് തന്റെ ചെറിയ നൃത്തം നടത്തിയത്. കിര്‍ക്കിനെ അനുസ്മരിച്ചുകൊണ്ടുള്ള ഗാനത്തിനിടെ ട്രംപ് ചുവടുവെക്കുകയും പെട്ടെന്ന് ഗൗരവഭാവം വീണ്ടെടുത്ത് നേരെ നില്‍ക്കുകയും ചെയ്തു.
നിമിഷ നേരത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും വലിയ വിമര്‍ശനമാണ് ഇതിന്റെ പേരില്‍ ട്രംപിനുനേരെ ഉയരുന്നത്. അതീവ ദുഖിതയായി നിന്ന എറിക്കയെ പുഞ്ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാവാം അദ്ദേഹം ഇങ്ങനെ ചെയ്തത് എന്നാണ് ട്രംപ് അനുകൂലികളുടെ പക്ഷം. എന്നാല്‍ കിര്‍ക്കിനോടും ആ സാഹചര്യത്തോടുമുള്ള അനാദരവും അനൗചിത്യവുമാണ് ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
