ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്സ്'തരംഗത്തിലാണ് ഇപ്പോൾ സിനിമ പ്രേമികൾ എല്ലാം. ഏറ്റവും വേഗത്തില്‍ നൂറ് കോടി ക്ലബ്ബില്‍ കയറുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ചിത്രം. യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയില്‍ ശ്രീനാഥ് ഭാസി ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന് ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളും ലഭിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ താൻ കരിയറില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും ആ സമയത്തെ മാനസികാവസ്ഥയെ കുറിച്ചും തുറന്ന് പറയുകയാണ് ശ്രീനാഥ് ഭാസി. ‘ഇന്നത്തെ ഈ അവസ്ഥയില്‍ സന്തോഷമുണ്ട്. എന്നാല്‍ ഒരു റിവഞ്ചായൊന്നും ഞാൻ ഇതിനെ കാണുന്നില്ല. എന്നെ സംബന്ധിച്ച് കഴിഞ്ഞ ഒരു കൊല്ലമുണ്ട്. എല്ലാവരും ഒരു ടൈം ലൈനില്‍ ഒരു കഥ കണ്ടുകൊണ്ടിരിക്കുന്നതുപോലെ എന്റെ ജീവിതം കാണുകയാണ്. യൂട്യൂബിലും മറ്റുമായി പല കഥകള്‍ അവർ കാണുന്നു'.
എന്നാല്‍ എന്നെ സംബന്ധിച്ച് എനിക്ക് ഇതെല്ലാം വ്യത്യസ്‌തമായ അനുഭങ്ങളായിരുന്നു. അത് ഒരിക്കലും നിങ്ങള്‍ യൂ ട്യൂബില്‍ കണ്ടതൊന്നുമല്ല. ഈ വീഡിയോകളൊക്കെ ആളുകള്‍ യൂട്യൂബില്‍ കാണുക വ്യത്യസ്‌ത സമയങ്ങളിലാണ്. അവരുടെ ജീവിതത്തിലെ വ്യത്യസ്‌ത സമയങ്ങളില്‍. എന്നാല്‍ എനിക്ക് അത് ഒരു ദിവസം സംഭവിച്ചതാണ്. ആ വിവാദം വന്നതിന് പിന്നാലെ ഞാൻ വ്യത്യസ്തമായ കുറേ കാര്യങ്ങള്‍ ചെയ്തിരുന്നു. പിന്നെ ഞാൻ പ്രതികരിച്ച ഒരു രീതിയുണ്ടല്ലോ. ആളുകള്‍ ഇത് ഇന്റർനെറ്റില്‍ കാണുകയാണ്.
അതിനൊക്കെ ശേഷം ഞാൻ പോയി മാപ്പും പറഞ്ഞു. ഞാൻ മാപ്പ് പറഞ്ഞ് കരഞ്ഞപ്പോള്‍ ഇവരൊക്കെ പറയുകയാണ് ഇവൻ കൊള്ളാം ഉഗ്രൻ ആക്‌ടർ ആണെന്ന്. നിങ്ങളുടെ മനസില്‍ ഉള്ള കാര്യം നിങ്ങള്‍ പുറത്തേക്ക് പറയുകയാണ്, സത്യസന്ധമായി സംസാരിക്കുകയാണ്. ഒരു കാര്യം സംഭവിച്ചു. എനിക്കും വിഷമമായിരുന്നു. കാരണം ഞാൻ ഒരു ആക്‌ടറാണ്, അങ്ങനെ പെരുമാറരുത്. വേറെ രീതിയിലും വേണമെങ്കില്‍ പെരുമാറാമായിരുന്നു. അതിന് ശേഷം നമ്മള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുമ്ബോള്‍ ആളുകള്‍ അത് ശ്രദ്ധിക്കുന്നേയില്ല. അപ്പോള്‍ എനിക്ക് മനസിലായി. നിങ്ങള്‍ വർക്ക് ചെയ്യുക, ആ വർക്ക് സംസാരിക്കട്ടെ'. എന്നാണ് താരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്