തിരുവനന്തപുരം: എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നിർദേശത്തിൽ നിയമോപദേശം തേടാൻ സംസ്ഥാന സർക്കാർ തീരുമാനം. വിഷയത്തിൽ ആരോഗ്യ മന്ത്രി ഇന്ന് സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളുമായി ചർച്ച നടത്തും.
നാലര വർഷ ദൈർഘ്യമുള്ള എംബിബിഎസ് കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്നതിനെതിരെയാണ് എൻഎംസി ഇടപെട്ടിരിക്കുന്നത്. 2024ലെ ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടപ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലാവധി 54 മാസമാണ്, അതായത് നാലര വർഷം. അതിനാൽ യഥാർഥ പഠനകാലയളവിനുള്ള ഫീസ് മാത്രമേ വിദ്യാർഥികളിൽ നിന്ന് ഈടാക്കാവൂവെന്ന് എൻഎംസി വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിർദേശം നേരത്തേ നൽകിയിരുന്നെങ്കിലും കേരളത്തിൽ അത് നടപ്പിലാക്കിയിരുന്നില്ല. ഇതിനെ തുടർന്നാണ് വിദ്യാർഥികളിൽ നിന്ന് അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് തിരികെ നൽകാൻ കോളേജുകൾക്ക് നിർദേശം നൽകണമെന്ന് എൻഎംസി വീണ്ടും ആവശ്യപ്പെട്ടത്.
അതേസമയം, ഫീസ് തിരികെ നൽകുന്നതിനോട് സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ ശക്തമായി എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കാതെയാണ് എൻഎംസി നിർദേശം നൽകിയിരിക്കുന്നതെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷന്റെ വാദം. എൻഎംസി നിർദേശം സംസ്ഥാനത്തിന് ബാധകമല്ലെന്നും മാനേജ്മെന്റുകൾ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അധികമായി അടയ്ക്കേണ്ടിവന്ന തുക ഏകദേശം 3.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണെന്നാണ് കണക്കുകൾ. പരാതി ഉയർന്നതിനെ തുടർന്ന് മൂന്ന് മാസം മുമ്പ് നാലര വർഷത്തേക്കുള്ള ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് എൻഎംസി ആദ്യ സർക്കുലർ പുറത്തിറക്കിയിരുന്നു.
കേരളത്തിൽ ഓരോ വർഷവും സ്വാശ്രയ കോളേജുകളുടെ വരവുചെലവ് കണക്കുകൾ പരിശോധിച്ചാണ് ഫീസ് നിർണയ സമിതി ഫീസ് നിശ്ചയിക്കുന്നത്. ആദ്യ വർഷം നിശ്ചയിക്കുന്ന ഫീസ് തുടർന്നുള്ള വർഷങ്ങളിലും ബാധകമാക്കുന്നതാണ് നിലവിലെ രീതി. സർക്കാർ പുറത്തിറക്കുന്ന ഉത്തരവുകളിലും അഞ്ച് വർഷത്തെ ഫീസ് എന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതിനിടെ, എൻഎംസി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടാണ് വിദ്യാർഥികൾ ഉറ്റുനോക്കുന്നത്. അധികമായി ഈടാക്കിയ ഫീസ് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
