ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ അതിശയിപ്പിക്കുന്ന മേക്കോവറിനായി ഒരുങ്ങുന്നു. സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കിംഗ് ഖാൻ പുതിയ ലുക്കിൽ എത്തിയേക്കുമെന്ന് സൂചന. ഷാരൂഖ് ഖാൻ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.
തൻ്റെ അടുത്ത ചിത്രത്തിനായി ശരീരഭാരം കുറയ്ക്കുകയാണെന്നാണ് ഷാരൂഖ് ഖാൻ്റെ പ്രതികരണം. കിംഗ് എന്ന് പേരിട്ടിരിക്കുന്ന സുജയ് ഘോഷിൻ്റെ ചിത്രത്തിന് വേണ്ടിയാണ് താൻ ശരീരഭാരം കുറയ്ക്കുന്നതെന്ന് ഷാരൂഖ് ഖാൻ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം സ്വിറ്റ്‌സർലൻഡിൽ വച്ച് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ പാർഡോ അല്ല കാരിയറ അവാർഡ് നൽകി ഷാരുഖ് ഖാനെ ആദരിച്ചിരുന്നു. സമഗ്ര സംഭാവനയ്ക്കായിരുന്നു പുരസ്കാരം. തുടർന്ന് ഫെസ്റ്റിവല്‍ ഡയറക്ടർ ജിയോണ എ നസ്സാരോയുമായി നടന്ന തത്സമയ സംവാദത്തിനിടെയാണ് പുതിയ ചിത്രത്തെക്കുറിച്ച് ഷാരൂഖ് പറഞ്ഞത്. 30 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന നടൻ്റെ കരിയറിനെക്കുറിച്ചും സിനിമയിലെ അരങ്ങേറ്റത്തെക്കുറിച്ചും നാഴികക്കല്ലായ വേഷങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
'കഴിഞ്ഞ വർഷം ജവാനും ഡങ്കിയും പൂർത്തിയാക്കി. പതിവല്ലാത്ത രീതിയിൽ ഒരു വ്യത്യസ്തമായ ചിത്രം ചെയ്യണമെന്ന് അടുത്തിടെ എനിക്കൊരു ആഗ്രഹം തോന്നി. അടുത്തെന്ന് പറഞ്ഞാൽ കഴിഞ്ഞ 7 വർഷത്തിലേറെയായി മനസിലുളള ആഗ്രഹമാണ്. ഒരു ദിവസം, ഞാൻ എൻ്റെ ഓഫീസിൽ ഇരിക്കേ സുജോയ് ഘോഷിനോട് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, 'സർ, എന്റെ കയ്യിൽ ഒരു വിഷയമുണ്ട്'. അതാണ് എന്റെ അടുത്ത സിനിമ, കിംഗ്. അതിന് വേണ്ടി ഞാനിപ്പോൾ ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ്.' ഷാരൂഖ് പറയുന്നു.
താരത്തിന്റെ മാസ്റ്റർപീസ് ഡാൻസ് നമ്പറിനെ കുറിച്ചും വേദിയിൽ ചർച്ചയുണ്ടായി. ബുദ്ധിമുട്ടുള്ള നൃത്ത ചുവടുകളിൽ നിന്നും തന്നെ ഒഴിവാക്കാൻ കൊറിയോഗ്രാഫർ സരോജ് ഖാൻ കണ്ടെത്തിയ ഒരു തന്ത്രമാണ് ഇന്നും ഞാൻ ഉപയോഗിക്കുന്ന കൈകൾ ഇരുവശങ്ങളിലേക്കും കാണിച്ചുളള ആ സ്റ്റെപ്പെന്നും ഷാരൂഖ് വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്