വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം പാവപ്പെട്ട കലാപ്രവർത്തകരെ പ്രതിസന്ധിയിലാക്കുമെന്ന് ഗായിക രശ്മി സതീഷ്.
ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഗായിക നിവേദനം നൽകി. ആഘോഷങ്ങൾ ഒഴിവാക്കിയും വലിയ പ്രതിഫലം വാങ്ങുന്നവരെ ഈ വർഷം മാറ്റി നിർത്തിയും പരിപാടി നടത്താനാണ് രശ്മി കലാപ്രവർത്തകരുടെ ഭാഗത്ത് നിന്നും ആവശ്യപ്പെട്ടത്. നിവേദനത്തോട് അനുഭാവപൂർവമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം:
സുഹൃത്തുക്കളെ,
വയനാട് ദുരന്തത്തിൻ്റെ നടുക്കത്തിൽ നിന്നും നമ്മളൊന്നും ഇനിയും കരകയറിയിട്ടില്ല. നാടൊട്ടാകെ ആ ജനതയെ കൈ പിടിച്ചുയർത്താനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണല്ലോ ഈ വർഷത്തെ ഓണം കടന്നു വരുന്നത്. നമുക്കൊന്നും ഈ വർഷം ഓണത്തിന് ആഘോഷങ്ങളില്ല എന്നത് സത്യമാണ്. സർക്കാരും ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റിവെക്കാൻ തീരുമാനിച്ചതായി നമ്മളെല്ലാം പത്ര- മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്.
എന്നാൽ, സർക്കാർ എല്ലാവർഷവും നടത്തുന്ന ഓണാഘോഷ പരിപാടികളിലൂടെ ജീവിത മാർഗം കണ്ടെത്തുന്ന പാവപ്പെട്ട നിരവധി കലാപ്രവർത്തകരുണ്ട്. എല്ലാ ജെൻഡറിലും പെട്ട ഒരു പാടുപേരുടെ വലിയ പ്രതീക്ഷയാണ് ഇത്തരം പരിപാടികൾ. അവരിൽ പലരേയും നേരിട്ടറിയാവുന്നതാണ്.
ആഘോഷങ്ങൾ മാറ്റി വെച്ചാൽ അവരുടെ ജീവിതം വഴിമുട്ടും എന്ന കാര്യത്തിൽ സംശയമില്ല. നമ്മൾ വിചാരിക്കുന്നതിലും അപ്പുറം കഷ്ടപ്പെടുന്ന പരമ്പരാഗത കലാപ്രവർത്തകർ ഉൾപ്പെടെ ഇതിലുണ്ട്. അത് കൊണ്ട് തന്നെ അവിടെ ജീവിതം അടുത്തു നിന്ന് കാണുന്നയാൾ എന്ന നിലയിൽ ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ഇന്നലെ ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിവേദനം നൽകിയിരുന്നു.
വളരെ ഗൗരവത്തിലാണ് അദ്ദേഹം എന്നെ കേട്ടിരുന്നത്. ആഘോഷങ്ങൾ ഒഴിവാക്കിയും വലിയ പ്രതിഫലം വാങ്ങുന്നവരെ ഈ വർഷം മാറ്റി നിർത്തിയും പരിപാടി നടത്താനാണ് ഞാൻ കലാപ്രവർത്തകരുടെ ഭാഗത്ത് നിന്ന് അഭ്യർത്ഥിച്ചത്. രണ്ടു ദിവസത്തിനകം അനുകൂല തീരുമാനമെടുത്ത് അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
സർക്കാർ ഇതിനെ ഗൗരവത്തിൽ കാണുകയും പാവപ്പെട്ട കലാപ്രവർത്തകർക്കൊപ്പം നിൽക്കുകയും ചെയ്യും എന്നറിയിച്ചതിൽ വലിയ സന്തോഷമുണ്ട്. വയനാട്ടിലെ മനുഷ്യരോട് ഐക്യപ്പെട്ടു കൊണ്ടുതന്നെ ഇത്തവണത്തെ ഓണം ആഘോഷങ്ങൾ ഒഴിവാക്കി നമുക്ക് കലാപ്രവർത്തകരേയും ചേർത്ത് പിടിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്