രജനികാന്ത് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട തലൈവർ പടമാണ് 'പടയപ്പ'. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത സിനിമയിൽ രജനികാന്തിനൊപ്പം നേർക്കുനേർ നിന്ന കഥാപാത്രമാണ് നീലാംബരി. രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരിക്ക് ഇന്നും ആരാധകർ ഏറെയാണ്. രജനീകാന്തിന്റെ 75-ാം ജന്മദിനവും അഭിനയ ജീവിതത്തിലെ അദ്ദേഹത്തിന്റെ 50 വർഷവും പടയപ്പ സിനിമയുടെ 25-ാം വർഷവും കണക്കിലെടുത്താണ് ചിത്രം വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഡിസംബർ 12നായിരുന്നു റീ റിലീസ്.
തന്‍റെ സൂപ്പർഹിറ്റ് ചിത്രമായ പടയപ്പ തീയേറ്ററിൽ പോയി കണ്ടിരിക്കുകയാണ് നടി രമ്യ കൃഷ്ണൻ. പുറത്തിറങ്ങി 25 വർഷമായ ചിത്രം താൻ ആദ്യമായാണ് തിയറ്ററിൽ കാണുന്നതെന്ന് താരം പറഞ്ഞു. തിയറ്ററിനുള്ളിൽ ചിത്രം കാണുന്നതിന്റെ ക്ലിപ്പിങ്ങുകൾ രമ്യ കൃഷ്ണൻ പങ്കുവെച്ചു. 'അവസാനം ആദ്യമായി തിയറ്ററിൽ പടയപ്പ കണ്ടു' എന്ന കാപ്ഷനോടെയാണ് രമ്യ കൃഷ്ണൻ ചിത്രങ്ങൾ പങ്കുവെച്ചത്.
പഴയൊരു അഭിമുഖത്തിൽ രമ്യ കൃഷ്ണൻ രജനീകാന്തിന്റെ എതിരാളിയായി അഭിനയിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് സംസാരിച്ചിരുന്നു. 'റിലീസ് ചെയ്ത് പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചതിനുശേഷം മാത്രമാണ് അത് ഒരു സ്വപ്ന വേഷമായി മാറിയത്. അതിനുമുമ്പ്, മറ്റൊരു മുഖ്യധാരാ നായികക്കും അത് ചെയ്യാൻ ധൈര്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ഒരു വഴിയുമില്ലാത്തതിനാലും രജനീകാന്തിനൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹത്താലും ഞാൻ അത് ചെയ്തു' -എന്നാണ് രമ്യ പറഞ്ഞു.
മദ്രാസിലേക്ക് വരാൻ രജനി ആരാധകർ അനുവദിച്ചിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. തനിക്ക് ഭയമായിരുന്നെന്നും പല ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിലെ സംഭാഷണങ്ങളെക്കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തുമായിരുന്നെന്നും അവർ പറഞ്ഞു. ചിലർ ചെന്നൈയിൽ ഇനി ജീവിക്കാൻ കഴിയുമോ എന്ന് വരെ ചോദിച്ചിരുന്നു. ചിത്രം റിലീസായപ്പോൾ രജനീകാന്ത് ആരാധകർ സ്‌ക്രീനിലേക്ക് ചെരിപ്പെറിഞ്ഞതിനെക്കുറിച്ചും താരം സംസാരിച്ചിരുന്നു.
സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങി വൻ താരനിര അണിനിരന്ന സിനിമയാണ് 'പടയപ്പ'. തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അഞ്ച് അവാർഡുകളാണ് സിനിമ നേടിയത്. എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ സിനിമയുടെ പാട്ടുകളും സൗണ്ട് ട്രാക്കും ഇന്നും ട്രെൻഡിങ്ങാണ്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ നടക്കുകയാണെന്ന് രജനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
